മന്‍മോഹന്‍ സിംഗിനെ അയക്കണമെന്ന കോണ്‍ഗ്രസ് ആവശ്യം ഡിഎംകെ പരിഗണിച്ചില്ല; വൈക്കോ തമിഴ്നാട്ടില്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥി

single-img
1 July 2019

മുന്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിനെ തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ അഭ്യര്‍ത്ഥന ഡിഎംകെ പരിഗണിച്ചില്ല. കഴിഞ്ഞ മാസം 14ന് മന്‍മോഹന്‍ സിംഗിന്റെ രാജ്യസഭ കാലാവധി അവസാനിച്ചിരുന്നു. ഡിഎംകെ ഒരു രാജ്യസഭ സീറ്റ് എംഡിഎംകെയ്ക്ക് നല്‍കാന്‍ തീരുമാനിച്ചതോടെ രണ്ട് ദാശാബ്ദശേഷം വൈക്കോ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുകയാണ്.

മുന്നണിക്ക്‌ വിജയിക്കാന്‍ കഴിയാവുന്ന മൂന്ന് സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. അതിലെ രണ്ട് സീറ്റില്‍ ഡിഎംകെ നോമിനികള്‍ മത്സരിക്കും. മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ പി വില്‍സണും തൊഴിലാളി നേതാവ് എം ഷണ്‍മുഖനുമാണ് വൈക്കോയെ കൂടാതെയുള്ള മറ്റ് സ്ഥാനാര്‍ത്ഥികള്‍. ആറ് രാജ്യസഭ സീറ്റുകളിലേക്കാണ് തമിഴ്‌നാട്ടില്‍ മത്സരം നടക്കുന്നത്.

ഈ മാസം 18ന് തെരഞ്ഞെടുപ്പ് നടക്കും. ജൂലൈ 8 വരെയാണ് നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കാനാവുക. ഭരണകക്ഷിയായ എഐഡിഎം.കെക്കും മൂന്ന് പേരെയാണ് ഉറപ്പായും വിജയിക്കാനാവുക.