ബ്രാഹ്മണ സംഘടനകളുടെ പ്രതിഷേധം മൂലം നിർത്തിവെച്ച ‘ആർട്ടിക്കിൾ 15’ സിനിമയുടെ പ്രദർശനം പുനരാരംഭിച്ചു

single-img
1 July 2019

കാൺപൂർ: ബ്രാഹ്മണ സംഘടനകളുടെ വ്യാ‍പകമായ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവെച്ച ആയുഷ്മാൻ ഖുറാന നായകനായ ‘ആർട്ടിക്കിൾ 15’ സിനിമയുടെ പ്രദർശനം പുനരാരംഭിച്ചു. ഉത്തർപ്രദേശിലെ കാൺപൂരിലുള്ള ചില തിയറ്ററുകളിലാണ് പ്രദർശനം നിർത്തിവെയ്ക്കേണ്ടി വന്നത്.

2014-ൽ ഉത്തർപ്രദേശിലെ ബദായൂമിൽ രണ്ട് പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ ആധാരമാക്കി അനുഭവ് സിൻഹ സംവിധാനം ചെയ്ത സിനിമയാണ് ആർട്ടിക്കിൾ 15. ഉത്തർപ്രദേശ് അടക്കമുള്ള ഹിന്ദി ഹൃദയഭൂമിയിലെ ജാതിവിവേചനങ്ങളെ പ്രശ്നവൽക്കരിക്കുന്ന സിനിമയിൽ സവർണ്ണ മേധാവിത്ത രാഷ്ട്രീയത്തെ നിശിതമായി വിമർശിക്കുന്നുണ്ട്.

എന്നാൽ സിനിമ ബ്രാഹ്മണ സമുദായത്തെ മോശമായി ചിത്രീകരിക്കുകയാണെന്നാരോപിച്ചായിരുന്നു വിവിധ ബ്രാഹ്മണ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. തിയറ്ററുകൾക്ക് മുന്നിൽ പ്രകടനമായെത്തിയ പ്രതിഷേധക്കാർ സംവിധായകനും നടനുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കുകയും പോസ്റ്ററുകൾ വലിച്ചു കീറുകയും ചെയ്തു.

സിനിമ ബ്രാഹ്മണ സമുദായത്തെ ക്രൂരരും അക്രമകാരികളും ദളിതരെ അടിച്ചമർത്തുന്നവരുമായി ചിത്രീകരിക്കുകയാണെന്ന് അഖില ഭാരതീയ ബ്രാഹ്മണ ഏകതാ പരിഷദ് ജനറൽ സെക്രട്ടറി ഹരി ത്രിപാഠി ആരോപിച്ചു.

അതേസമയം, ചിത്രം തടസംകൂടാതെ പ്രദർശിപ്പിക്കുവാനുള്ള സുരക്ഷ തിയറ്ററുകളിൽ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് സർക്കിൾ ഓഫീസർ മനോജ് ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. പ്രദർശനം തടസപ്പെടുത്തുന്നവർക്കെതിരെ കർശനനടപടികൾ സ്വീകരിക്കുവാൻ ജില്ലാ പൊലീസ് മേധാവിയായ അനന്ത് ഡിയോ ഉത്തരവിട്ടിട്ടുണ്ട്.

എന്നാൽ കാൺപൂരിൽ മാൾ റോഡിലുള്ള സപ്ന സിനിമാ ഹാളിൽ പ്രതിഷേധത്തെത്തുടർന്ന് ചിത്രത്തിന്റെ പ്രദർശനം നിർത്തിവെച്ചിരിക്കുകയാണ്