‘ഈമാനില്‍ നിന്നകന്നു, സിനിമയിലേക്കിനിയില്ല’; അഭിനയം നിര്‍ത്തിയെന്ന് സൈറ വസീം

single-img
30 June 2019


അഭിനയം നിര്‍ത്തുകയാണെന്ന് ബോളിവുഡ് നടി സൈറ വസീം. അഞ്ച് കൊല്ലത്തെ സിനിമ കരിയര്‍ അവസാനിപ്പിക്കുന്നകാര്യം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം വ്യക്തമാക്കിയത്. സിനിമാരംഗത്ത് കടന്നുവന്നതിന് ശേഷം ജീവിതം മറ്റൊന്നായെന്നും, അജ്ഞത കൊണ്ട് വിശ്വാസത്തില്‍ നിന്നും അകന്നെന്നും സൈറ വസീം പോസ്റ്റില്‍ പറയുന്നു.

‘സിനിമാഭിനയം എന്റെ ഈമാനെ ബാധിച്ചു, അത് ഇസ്‌ലാമുമായിട്ടുള്ള എന്റെ ബന്ധത്തിന് തന്നെ ഭീഷണിയായി മാറി. ഞാന്‍ ചെയ്യുന്നത് ശരിയാണെന്നും, ഇത് ബാധിക്കുന്നില്ലെന്നും ഞാന്‍ എന്റെ അറിവില്ലായ്മയില്‍ വിശ്വസിച്ചു. എന്റെ ജീവിതത്തില്‍ വന്നിട്ടുള്ള എല്ലാ ബര്‍ക്കത്തുകളും ഇതില്‍ വന്നതോടെ നഷ്ടമായി’; സൈറാ വസീം ഫേസ്ബുക്കില്‍ കുറിച്ചു.

കശ്മീര്‍ സ്വദേശിയായ സൈറാ വസീം 2016ല്‍ പുറത്തിറങ്ങിയ ആമീര്‍ ഖാന്‍ ചിത്രം ദംഗലിലൂടെയാണ് ബോളിവുഡിലേക്ക് പ്രവേശിക്കുന്നത്. ദംഗലിലെ പ്രകടനം സൈറയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. 2017ല്‍ റിലീസ് ചെയ്ത സീക്രട്ട് സൂപ്പര്‍സ്റ്റാറില്‍ ഇന്‍സിയ മാലിക്ക് എന്ന വേഷമാണ് സൈറ ചെയ്തത്.

‘ദ സ്‌കൈ ഈസ് പിങ്ക്’ എന്ന ചിത്രമാണ് സൈറയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഫര്‍ഹാന്‍ അക്തറും, പ്രിയങ്കാ ചോപ്രയും സൈറയോടൊപ്പം പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രം ഒക്ടോബറില്‍ പുറത്തിറങ്ങാനിരിക്കെയാണ് സൈറ അഭിനയജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നത്.