ഗോരക്ഷാ തീവ്രവാദികൾ അടിച്ചുകൊന്ന പെഹ്ലുഖാനെതിരെ കന്നുകാലിക്കടത്തിന് കേസെടുത്ത് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ

single-img
29 June 2019

ജയ്പ്പൂർ: ഗോരക്ഷാ തീവ്രവാദികൾ അടിച്ച് കൊലപ്പെടുത്തിയ പെഹ്ലുഖാനെതിരെ കന്നുകാലിയെ കടത്തിയെന്നാരോപിച്ച് കേസെടുത്ത് ചാർജ്ജ് ഷീറ്റ് സമർപ്പിച്ച് രാജസ്ഥാൻ പൊലീസ്. രണ്ടുവർഷം മുന്നേ തന്റെ കന്നുകാലി ഫാമിലേയ്ക്ക് കന്നുകാലികളെ കൊണ്ടുപോകുന്നതിനിടെ ജയ്പ്പൂരിനടുത്തുള്ള അൽവറിൽ വെച്ച് ഗോരക്ഷകർ ആക്രമിച്ചു കൊലപ്പെടുത്തിയ പെഹ്ലു ഖാനെതിരെയാണ് പൊലീസിന്റെ ചാർജ്ജ് ഷീറ്റ്.

പെഹ്ലു ഖാൻ കന്നുകാലികളെ കൊണ്ടുവന്ന പിക്ക് അപ് ട്രക്കിന്റെ ഉടമയ്ക്കെതിരെയും കേസ് ചാർജ്ജ് ചെയ്തിട്ടുണ്ട്. രാജസ്ഥാനിൽ പുതിയ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ് ഈ ചാർജ്ജ് ഷീറ്റ് തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ഡിസംബർ 30-നു തയ്യാറാക്കിയ ചാർജ്ജ് ഷീറ്റ് ഇക്കഴിഞ്ഞ മേയ് 29-നാണ് ബെഹ്രോർ അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. രാജസ്ഥാൻ കന്നുകാലി അറവു നിരോധന നിയമത്തിലെ 5,8,9 വകുപ്പുകൾ പ്രകാരമാണ് പെഹ്ലു ഖാനും മക്കൾക്കുമെതിരെ കേസെടുത്തിരിക്കുന്നത്.