രാജ്കുമാറിനെ അനധികൃതമായി നാലു ദിവസത്തോളം കസ്റ്റഡിയില്‍ വെച്ചതായി ക്രൈംബ്രാഞ്ച്

single-img
29 June 2019

ഹരിത തട്ടിപ്പുകേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചുകൊന്ന രാജ്കുമാറിനെ അനധികൃതമായി നാലു ദിവസത്തോളം കസ്റ്റഡിയില്‍ വെച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. 104 മണിക്കൂറോളം പൊലീസ് അനധികൃതമായി കസ്റ്റഡിയില്‍വെച്ചതായാണ് ക്രെെം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.

ക്രൂരമര്‍ദനത്തിന് വിധേയനായ രാജ്കുമാറിന് ആവശ്യമായ വൈദ്യസഹായവും നല്‍കിയില്ല. അവശനിലയിലായ രാജ്കുമാറിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ചികില്‍സിച്ചതിനും പൊലീസിന്റെ പക്കല്‍ വ്യക്തമായ രേഖകളില്ല.

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ അടക്കം സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് ക്രൈംബ്രാഞ്ച് സംഘം നിഗമനത്തിലെത്തിയത്. രാജ്കുമാറിനെ പൊലീസ് പിടികൂടിയതല്ല, നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചതാണെന്നും ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. പുളിയന്‍മലയില്‍ വെച്ചാണ് രാജ്കുമാറിനെ പിടികൂടിയതെന്നും സ്റ്റേഷനില്‍ എത്തിച്ചതെന്നും നാട്ടുകാര്‍ വ്യക്തമാക്കി. 

നാട്ടുകാര്‍ പിടികൂടുന്ന സമയത്ത് രാജ്കുമാറിനൊപ്പം രണ്ട് ലക്ഷത്തി നാല്‍പ്പതിനായിരം രൂപയും പൊലീസിനെ ഏല്‍പ്പിച്ചു. എന്നാല്‍ പൊലീസ് സ്റ്റേഷന്‍ രേഖയില്‍ ഒന്നര ലക്ഷം രൂപ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ശേഷിക്കുന്ന 90,000 രൂപ പൊലീസുകാര്‍ അടിച്ചുമാറ്റിയതായി സംശയമുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഹരിത ചിട്ടി തട്ടിപ്പു പ്രതികളില്‍ നിന്നും നേരത്തെയും പൊലീസ് കൈക്കൂലി വാങ്ങിയിട്ടുള്ളതായും നാട്ടുകാര്‍ പറയുന്നു.