യുപിയില്‍ കുറ്റവാളികള്‍ സ്വതന്ത്രരായി നടക്കുന്നു;അവര്‍ക്ക് തോന്നുന്ന പോലെയാണ് കാര്യങ്ങള്‍; ബിജെപി സര്‍ക്കാര്‍ വാ തുറക്കില്ല: പ്രിയങ്കാ ഗാന്ധി

single-img
29 June 2019

യുപിയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരെ കടുത്തവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. ‘യുപിയില്‍ കുറ്റവാളികള്‍ സ്വതന്ത്രരായി നടക്കുകയും അവര്‍ക്ക് തോന്നുന്നത് പോലെയുമാണ് കാര്യങ്ങള്‍. സംസ്ഥാനത്ത് ക്രിമിനല്‍ സംഭവങ്ങള്‍ ഒന്നിനുപിറകെ ഒന്നായി നടക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബിജെപി സര്‍ക്കാര്‍ വാ തുറക്കില്ല. അവര്‍ ബധിരരാണ്.അല്ല എങ്കില്‍ യുപി സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് മുന്നില്‍ കീഴടങ്ങിയോ?’ പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

പ്രിയങ്ക തന്റെ ട്വീറ്റിനൊപ്പം യുപിയില്‍ നടന്നിട്ടുള്ള കുറ്റകൃത്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന വാര്‍ത്താ റിപ്പോര്‍ട്ടുകളുടെ ഒരു കൊളാഷും നല്‍കിയിട്ടുണ്ടായിരുന്നു. ഇത് ആദ്യമായല്ല പ്രിയങ്ക ക്രമസമാധാനനില വഷളാകുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്തെത്തുന്നത്. യുപിയില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് മുന്‍പും അവര്‍ സംസാരിച്ചിരുന്നു. ഇനി എപ്പോഴാണ് സുരക്ഷയുടെ ഉത്തരവാദിത്തം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം.