സ്വകാര്യ അന്തർ സംസ്ഥാന ബസ് സമരം പൊളിയുന്നു: നിലപാടിലുറച്ച് സർക്കാർ; കെ എസ് ആർ ടിസിയ്ക്ക് പ്രതിദിനം 9 ലക്ഷം രൂപയുടെ അധികവരുമാനം

single-img
29 June 2019

തിരുവനന്തപുരം: കേരളത്തില്‍ നിന്നും സര്‍വീസ് നടത്തുന്ന അന്തര്‍സംസ്ഥാന സ്വകാര്യ ബസുടമകള്‍ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ നടത്തിവരുന്ന സമരം പൊളിഞ്ഞു തുടങ്ങിയതായി റിപ്പോർട്ട്. കല്ലട ബസിലെ യാത്രികരെ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്ന് ബസുകളിലെ നിയമലംഘനം കണ്ടെത്താന്‍ മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‍സിനെതിരെയാണ് ബസുടമകളുടെ സമരം.

എന്നാൽ സംസ്ഥാന സർക്കാർ തങ്ങളുടെ നിലപാടിലുറച്ച് നിൽക്കുന്നതിനാലും സമരം അനിശ്ചിതമായി നീളുന്നതിനാലും സൊരു വിഭാഗം ഉടമകൾ സമരത്തിൽ നിന്നും പിന്മാറുകയാണെന്നാണ് റിപ്പോർട്ട്. കേരള ലൈൻസ് ഉൾപ്പടെയുള്ള ചില കമ്പനികൾ കളിയിക്കാവിള അതിർത്തിയിൽ നിന്നും സർവ്വീസ് ആരംഭിച്ചിട്ടുണ്ട്. സെന്റ് ആന്റണീസ് എന്ന സർവ്വീസ് ഓൺലൈനിൽ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍ സമരം പിന്‍വലിക്കുന്നതായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഗതാഗതവകുപ്പ് പറയുന്നത്. 

അതിനിടെ സംസ്ഥാന സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്കുള്ള അവസരം സ്വകാര്യബസുടമകള്‍ തേടുന്നുണ്ടെന്നും ഇതിനായി തിങ്കളാഴ്ച ഗതാഗത സെക്രട്ടറിയെ കാണാന്‍ അനുമതി തേടിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിയമാനുസൃതമല്ലാത്ത ഒരു സൗകര്യവും നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍ എന്നാണ് അറിയുന്നത്. 

കെഎസ്ആർടിസി ലാഭത്തിൽ

അതേസമയം, സമരം കെഎസ്ആര്‍ടിസിക്ക് നേട്ടമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ചയിലെ വരുമാനവുമായി താരതമ്യം ചെയ്താൽ കെഎസ്ആർടിസിക്ക് പ്രതിദിനം ഒമ്പത് ലക്ഷം രൂപയുടെ അധിക വരുമാനം ലഭിക്കുന്നുണ്ടെന്നാണ് വിവരം.

തിങ്കളാഴ്ച മുതലാണ് സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവച്ചത്. അന്നു മുതല്‍ ഈ വ്യാഴാഴ്ചവരെ 45 ലക്ഷം രൂപയോളം കെഎസ്ആര്‍ടിസിക്ക് അധികമായി ലഭിച്ചു. സമരത്തെ തുടര്‍ന്ന് നിലവിലുള്ള 48 ബസുകള്‍ക്കു പുറമെ 14 ബസുകള്‍കൂടി ബെംഗളൂരു റൂട്ടില്‍ മാത്രം അധികമായി കെഎസ്ആര്‍ടിസി ഓടിക്കുന്നുണ്ട്. കേരള ആര്‍ടിസി ബംഗളൂരുവില്‍ നിന്ന് 24ഉം കര്‍ണാടക ആര്‍ടിസി 29ഉം സ്‌പെഷല്‍ സര്‍വീസുകള്‍ നടത്തിയതോടെ സമരം മൂലമുള്ള പ്രതിസന്ധിയെ സർക്കാർ ഒരു പരിധിവരെ തരണം ചെയ്യുകയും ചെയ്തു.

തിരക്ക‌് കൂടുതലുള്ള വെള്ളിയാഴ‌്ചയും ശനിയാഴ‌്ചയും കൊച്ചുവേളിയിൽനിന്ന‌് കൃഷ‌്ണരാജപുരത്തേക്ക‌് പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയതും യാത്രക്കാർക്ക് സഹായകമായിട്ടുണ്ട്.