ബിജെപിക്ക് ധൈര്യമുണ്ടെങ്കിൽ എന്റെ സർക്കാരിനെ താഴെയിറക്കൂ; വെല്ലുവിളിയുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്

single-img
29 June 2019

വെറുതെ നടത്തുന്ന പ്രസ്താവനകള്‍ക്ക് അപ്പുറം ബിജെപി നേതാക്കൾക്ക് ധൈര്യമുണ്ടെങ്കിൽ മധ്യപ്രദേശിലെ തന്റെ സർക്കാരിനെ താഴെയിറക്കൂ എന്ന വെല്ലുവിളിയുമായി മുഖ്യമന്ത്രി കമൽനാഥ്. ദീര്‍ഘമായ 15 വർഷത്തിന് ശേഷം സംസ്ഥാനത്ത് ഭരണത്തിലെത്തിയ ശേഷമാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്. “ബിജെപിയ്ക്ക് ധൈര്യമുണ്ടെങ്കിൽ എന്റെ സർക്കാരിനെ താഴെയിറക്കൂ, അങ്ങിനെ ചെയ്യാതെ നെടുനീളൻ പ്രസ്താവനകൾ മാത്രമിറക്കുന്നതെന്തിനാണ്?” അദ്ദേഹം ചോദിച്ചു.

ഇന്ന് ഇൻഡോറിൽ ഇന്ത്യ ടുഡെ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ വെല്ലുവിളി. കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച കേസിൽ ആകാശ് വിജയവർഗ്ഗിയ എന്ന ബിജെപി എംഎൽഎ അറസ്റ്റിലായതുമായുള്ള വിവാദങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ മറുപടി.

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാനും ബിജെപി നേതാവ് കൈലാഷ് വിജയവർഗിയയും സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കുമെന്ന് പറഞ്ഞിരുന്നു.ഈ സംസ്ഥാനം ഭരിക്കാൻ തെരഞ്ഞെടുപ്പിലൂടെ കോൺഗ്രസിനെ ചുമതലപ്പെടുത്തിയത് ജനങ്ങളാണെന്നും, കേവലം പാർട്ടി പ്രവർത്തകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ വേണ്ടി മാത്രമാണ് ബിജെപി നേതാക്കൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നുമാണ് കമൽനാഥ് പറഞ്ഞത്.