പ്രളയാനന്തര പുനര്‍നിര്‍മ്മാണം; കേരളത്തിന് ലോകബാങ്കിന്റെ 1750 കോടി രൂപയുടെ സാമ്പത്തിക സഹായം

single-img
28 June 2019

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി കേരളത്തിന് ലോകബാങ്കിന്റെ 25 കോടി ഡോളറിന്റെ സാമ്പത്തിക സഹായം. ഈ തുക ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 1750 കോടിയോളം കേരളത്തിന് സാമ്പത്തിക സഹായമായി ലഭിക്കും. സംസ്ഥാനവുമായുള്ള വായ്പാ കരാറില്‍ കേന്ദ്രസര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും ലോകബാങ്ക് പ്രതിനിധികളും ഇന്ന് ഡല്‍ഹിയില്‍ ഒപ്പുവെച്ചു.

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഉണ്ടായ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തില്‍ നേരിടേണ്ടി വന്ന നഷ്ടങ്ങള്‍ നികത്തുന്നതിന് വേണ്ടിയുള്ള സാമ്പത്തിക സഹായമായാണ് ലോകബാങ്ക് വായ്പ നല്‍കുന്നത്. ലോകബാങ്ക് സംഘം സംസ്ഥാനത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിച്ചത്.ശുദ്ധ ജലവിതരണം, ജലസേചനം, അഴുക്കുചാല്‍ പദ്ധതികള്‍, കൃഷി തുടങ്ങിയ മേഖലകളിലായാണ് സാമ്പത്തിക സഹായം ലഭിക്കുക.

സാമ്പത്തിക സഹായം സംബന്ധിച്ച് കഴിഞ്ഞമാസം വാഷിങ്ടണില്‍ ചേര്‍ന്ന ലോകബാങ്കിന്റെ ബോര്‍ഡ് യോഗം
തീരുമാനമെടുത്തിരുന്നു. കേന്ദ്ര ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ വിഭാഗം അഡീഷണല്‍ സെക്രട്ടറി സമീര്‍ കുമാര്‍ ഖരെയാണ് ലോകബാങ്ക് പ്രതിനിധികളുമായുള്ള കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.കേരളാ സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷിയും ലോകബാങ്കിന് വേണ്ടി കണ്‍ട്രി ഡയറക്ടര്‍ ജുനൈദ് കമാല്‍ അഹമ്മദും ത്രികക്ഷി കരാറില്‍ ഒപ്പുവെച്ചു.

കേരളത്തിലെ താറുമാറായ നദീതട വികസനം, കാര്‍ഷിക- കാര്‍ഷികേതര ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, സുസ്ഥിര കാര്‍ഷിക വികസനം, കാര്‍ഷിക പദ്ധതികളുടെ സഹായം, റോഡ് നിര്‍മാണം തുടങ്ങിയ മേഖലകളാണ് സാമ്പത്തിക സഹായത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ റീബില്‍ഡ് കേരള പദ്ധതിയെ സഹായിക്കുന്നതിന് വേണ്ടിയാണ് ലോകബാങ്കിന്റെ സാമ്പത്തിക സഹായം.