തടവുചാട്ടം ആസൂത്രിതം: ഒടുവില്‍ കാമുകനെ വിളിക്കാന്‍ ഫോണ്‍ ചോദിച്ച് കുടുങ്ങി; നിര്‍ണായകമായത് ഓട്ടോക്കാരന്റെ ഇടപെടല്‍

single-img
28 June 2019

അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്നു രക്ഷപ്പെട്ടത് കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതിയുടെ അടിസ്ഥാനത്തിലെന്ന് പിടിയിലായ തടവുകാര്‍. ജയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ തയ്യല്‍ ക്ലാസിന് പോയപ്പോള്‍ ഇരുവരും പരിസരം നിരീക്ഷിച്ച് മനസിലാക്കി. ഇതിനു ശേഷം ബയോഗ്യാസ് പ്ലാന്റില്‍ സാരി ചുറ്റിയാണ് രക്ഷപ്പെട്ടത്.

ശിക്ഷാകാലാവധി നീളുമോ എന്ന ഭയമാണ് ഇത്തരത്തില്‍ തടവു ചാടാന്‍ പ്രേരിപ്പിച്ചതെന്നും ഇവര്‍ പറഞ്ഞു. ചൊവ്വാഴ്ച ജയില്‍ ചാടിയ സന്ധ്യയെയും ശില്‍പയെയും ഇന്നലെ രാത്രിയാണ് പാലോടുനിന്നും പിടികൂടിയത്. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

മോതിരം മോഷ്ടിച്ചതിനാണ് പാങ്ങോട് സ്വദേശിയായ ശില്‍പ്പ അറസ്റ്റിലാവുന്നത്. സന്ധ്യ അറസ്റ്റിലായത് മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയതിനും. റിമാന്‍ഡ് പ്രതികളായ ഇരുവര്‍ക്കുമെതിരെ ചുമത്തിയത് മൂന്ന് മാസം വരെ ശിക്ഷയുള്ള കുറ്റവും. എന്നാല്‍ ജയില്‍ചാട്ടവും പിന്നീടുള്ള മോഷണവും കാരണം ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ ഇനി ഇരുവരും ജയിലില്‍ കഴിയേണ്ടിവരും.

ജയില്‍ ചാടി മണക്കാട് ഭാഗത്ത് എത്തിയ സന്ധ്യയും ശില്‍പയും രാത്രി ഏഴരയോടെ ഓട്ടോറിക്ഷയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എസ്എടി ആശുപത്രിയിലെത്തി. പണം വാങ്ങി വരാമെന്നു പറഞ്ഞ് ആശുപത്രിക്കുള്ളിലേക്കു കയറിപ്പോയ ഇരുവരും പിന്നീടു മടങ്ങിയെത്തിയില്ല.

രോഗത്തിന്റെ പേരുപറഞ്ഞ് ആശുപത്രിയിലെത്തിയവരില്‍നിന്ന് പണം വാങ്ങി വര്‍ക്കല ഭാഗത്തേക്ക് പോയി. കാപ്പില്‍ ഭാഗത്ത് ഇവരെ കണ്ടതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തുമ്പോഴേക്കും അവര്‍ അവിടെനിന്ന് കടന്നിരുന്നു. കാപ്പിലില്‍നിന്ന് ഓട്ടോയിലാണ് കൊല്ലം പാരിപ്പള്ളിയിലേക്ക് പോയത്.

യാത്രക്കിടെ ഓട്ടോ ഡ്രൈവറുടെ ഫോണില്‍നിന്ന് 2 കോളുകള്‍ ഇവര്‍ വിളിച്ചു. ഇരുവരുടേയും പെരുമാറ്റത്തില്‍ സംശയം തോന്നിയ ഡ്രൈവര്‍ ബാഹുലേയന്‍ പാരിപ്പള്ളി ആശുപത്രി ജംഗ്ഷനില്‍ ഇറക്കിയശേഷം ഇരുവരും വിളിച്ച നമ്പരിലേക്ക് തിരിച്ചു വിളിച്ചു. സന്ധ്യയുടെ കാമുകനെയാണ് വിളിച്ചതെന്നു മനസിലായ ഡ്രൈവര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നീട് ഈ വിവരം പൊലീസിനെ അറിയിച്ചു. അതോടെ പാരിപ്പള്ളിയിലും പരിസരങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കി.

പാരിപ്പള്ളിയില്‍ സെക്കന്‍ഡ് ഹാന്‍ഡ് ടൂ വീലര്‍ വാഹനങ്ങള്‍ വില്‍ക്കുന്ന കടയിലേക്കാണ് ഇരുവരും പിന്നീട് ചെന്നത്. വണ്ടി വാങ്ങുന്നതിനാണെന്നു പറഞ്ഞു സന്ധ്യയും ശില്‍പയും എത്തിയപ്പോള്‍ ഒരു സഹായി മാത്രമാണ് കടയില്‍ ഉണ്ടായിരുന്നത്. ടെസ്റ്റ് ഡ്രൈവിനെന്നു പറഞ്ഞു പ്ലെഷര്‍ സ്‌കൂട്ടര്‍ വാങ്ങി അതുമായി നേരേ ഊന്നിന്‍മൂട്ടിലേക്ക് പോയി.

സ്‌കൂട്ടറില്‍ പോകുമ്പോള്‍ നേരത്തെ പരിചയമുള്ള ഒരാള്‍ ഇരുവരെയും കാണുകയും പിന്തുടരുകയും ചെയ്തു. എന്നാല്‍ കണ്ടെത്താനായില്ല. പാലോടിലുള്ള ശില്‍പയുടെ വീട്ടിലേക്കാണ് ഇരുവരും പോയത്. നഗരത്തിലെ ചില കഞ്ചാവു വിതരണക്കാരുമായി ബന്ധമുള്ള സന്ധ്യയും ശില്‍പയും പണം സംഘടിപ്പിച്ച ശേഷം അവരുടെ സഹായത്തോടെ തമിഴ്‌നാട്ടിലേക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു. ശില്‍പയുടെ വീട്ടിലെത്തി പണം വാങ്ങിയശേഷം രഹസ്യമായി അതിര്‍ത്തി കടക്കാനായിരുന്നു പദ്ധതി.

എന്നാല്‍ പാലോടിനടുത്തുനിന്ന് നാട്ടുകാര്‍ ഇവരെ കണ്ടെത്തി പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു പ്രദേശത്ത് എത്തിയ പൊലീസ് സംഘം ഇരുവരെയും കസ്റ്റഡിയില്‍ എടുത്തു. ജയില്‍ ചാടാന്‍ സഹതടവുകാരിയുടെ സഹായം ലഭിച്ചതായും ഇരുവരും വെളിപ്പെടുത്തി. ഇരുവരെയും ജയിലിലെത്തിച്ച് തെളിവെടുത്തു.