കൊല്ലം അഷ്ടമുടി ആശുപത്രി വിവാദം: തന്നെ കള്ളക്കേസിൽ കുടുക്കാൻ ഉന്നതതല ഇടപെടൽ ഉണ്ടായെന്ന് ഡോ ബൈജു സേനാധിപൻ

single-img
28 June 2019

കൊല്ലം: തട്ടാമലയിലെ അഷ്ടമുടി ആശുപത്രി സിപിഐ നേതാവും ചാത്തന്നൂർ എംഎൽഎയുമായ ജിഎസ് ജയലാലിന്റെ അധീനതയിലുള്ള സാന്ത്വനം കോ ഓപ്പറേറ്റിവ് സൊസൈറ്റിയ്ക്ക് വേണ്ടി വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പുതിയ വെളിപ്പെടുത്തലുകളുമായി ആശുപത്രിയുടെ നിക്ഷേപകരിലൊരാളായിരുന്ന പ്രശസ്ത സർജ്ജൻ ഡോ ബൈജു സേനാധിപൻ. തന്നെ കള്ളക്കേസിൽ കുടുക്കാൻ ഉന്നതതല ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന് സംശയിക്കുന്നതായി ബൈജു സേനാധിപൻ ഇവാർത്തയോട് പറഞ്ഞു.

കൊല്ലം ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരമാണ് ചവറ സിഐ ചന്ദ്രദാസ് തന്നെ ഒരു കുറ്റവാളിയെയെന്നപോലെ അപമാനിച്ച് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

ആശുപത്രി ജയലാൽ എംഎൽഎയുടെ അധീനതയിലുള്ള സൊസൈറ്റിയ്ക്ക് വിൽക്കുന്നത് തീരുമാനിക്കുവാൻ വേണ്ടി നടത്തിയ കമ്പനി ജനറൽ ബോഡി മീറ്റിംഗിൽ ആകെ ഏഴുപേർ മാത്രമാണ് പങ്കെടുത്തത്. പതിമൂന്നുപേർക്ക് വേണ്ടി കമ്പനി എംഡിയായ ജേക്കബ് ജോൺ തന്നെ പ്രോക്സി വോട്ട് ചെയ്താണ് വിൽപ്പനയ്ക്കുള്ള തീരുമാനം പാസാക്കിയത്. ഇതു സംബന്ധിച്ച രേഖകൾ ഇവാർത്തയ്ക്ക് ലഭിച്ചു.

അഷ്ടമുടി ആശുപത്രി

2008-ൽ അൻപത് ഡോക്ടർമാർ 1.5 ലക്ഷം രൂപ വീതം നിക്ഷേപിച്ച് 75 ലക്ഷം രൂപ മൂലധനത്തിലാണ് കൊല്ലം തട്ടാമലയിൽ അഷ്ടമുടി ഹോസ്പിറ്റൽ സ്ഥാപിക്കുന്നത്. കേരള അക്കാഡമി ഓഫ് ഹെൽത്ത് സയൻസ് & റിസർച്ച് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ച് അതിന്റെ കീഴിലാണ് ആശുപത്രി ആരംഭിച്ചത്. ഡോ ജേക്കബ് ജോൺ എന്നയാൾ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ആയും ആശുപത്രിയുടെ ചെയർമാൻ ആയും നിയമിതനായി. എന്നാൽ പിന്നീട് ആശുപത്രി നഷ്ടത്തിലായെന്നും അത് ചെയർമാൻ ഡോ ജേക്കബ് ജോണിന്റെ പിടിപ്പുകേടും അഴിമതി ഭരണവും മൂലമായിരുന്നുവെന്നും ഡോ. ബൈജു സേനാധിപൻ ആരോപിക്കുന്നു.

ഇതിനെത്തുടർന്ന് ആശുപത്രി വിൽക്കാൻ ഭരണസമിതി തീരുമാനിച്ചപ്പോൾ രണ്ടുകോടി രൂപയ്ക്ക് ആശുപത്രിയുടെ 51 ശതമാനം ഓഹരികൾ വാങ്ങാൻ താൻ തയ്യാറാണെന്ന് ബൈജു സേനാധിപൻ അറിയിച്ചിരുന്നു. സ്നേഹാർദ്രം എന്ന പേരിൽ താൻ തുടക്കം കുറിച്ച ജീവകാരുണ്യപ്രവർത്തനം തുടരുന്നതിനു വേണ്ടിയാണ് ഇത്തരം ഒരു ഉദ്യമത്തിന് മുതിർന്നതെന്നും ബൈജു സേനാധിപൻ പറയുന്നു.

കമ്പനി ഓഡിറ്റിലെ ക്രമക്കേടുകൾ

കമ്പനിയുടെ ഓഹരികൾ വാങ്ങാൻ തയ്യാറാണെന്നറിയിക്കുകയും സെക്യൂരിറ്റി ആയി ഡോ. ജേക്കബ് ജോണിനു 50 ലക്ഷം രൂപയുടെ ചെക്ക് നൽകുകയും ചെയ്തു. വസ്തു വകകൾ പണയം വച്ച് രണ്ട് കോടി രൂപ താൻ സമാഹരിച്ചെങ്കിലും പറഞ്ഞപ്രകാരം ആവശ്യമായ രേഖകൾ ഹാജരാക്കുവാൻ ഡോ ജേക്കബ് ജോൺ തയ്യാറായില്ലെന്നും ഡോ ബൈജു സേനാധിപൻ പറയുന്നു.

“കമ്പനിയുടെ ഓഡിറ്റ് രേഖകൾ പരിശോധിക്കുവാൻ അവരുടെ ചാർട്ടേർഡ് അക്കൌണ്ടന്റും ഞാൻ ഏർപ്പാടാക്കിയ ചാർട്ടേർഡ് അക്കൌണ്ടന്റും കൂടി ഒരു സിറ്റിംഗ് നടത്തിയപ്പോഴാണ് പല കണക്കുകളിലും ക്രമക്കേടുകൾ ഉണ്ടെന്ന് കണ്ടെത്തിയത്. പല ചെലവുകൾക്കും ഹാജരാക്കിയ രേഖകൾ പര്യാപ്തമല്ലെന്ന് അവരുടെ അക്കൌണ്ടന്റ് തന്നെ ഓഡിറ്റ് റിപ്പോർട്ടിൽ എഴുതിവെച്ചിട്ടുണ്ടായിരുന്നു. ഒരു കോടിയിലധികം രൂപയുടെ കടബാധ്യതകൾ കമ്പനിയ്ക്കുണ്ടായിരുന്നു. ഈ പണമെല്ലാം വിവിധ കാരണങ്ങൾ പറഞ്ഞ് (കൺസൾട്ടൻസി ഫീസും മറ്റുമായി) സ്വന്തം അക്കൌണ്ടിലേയ്ക്ക് മാറ്റുകയാണ് ഡോ. ജേക്കബ് ജോൺ ചെയ്തിരുന്നത്.”

ഡോ. ബൈജു സേനാധിപൻ ഇവാർത്തയോട് പറഞ്ഞു.

ആശുപത്രിയിലെ സൌകര്യങ്ങൾ കൂടിയ താമസമുറികളുടെ മെയിന്റനൻസ് പുറത്തുള്ള ഒരു കമ്പനിയ്ക്ക് ലീസ് ആയി നൽകിയെന്നും ആ കമ്പനിയുടെ ആളുകൾ ഡോ. ജേക്കബ് ജോണിന്റെ ഭാര്യയും മറ്റു ബന്ധുക്കളുമായിരുന്നുവെന്നും ബൈജു സേനാധിപൻ ആരോപിക്കുന്നു. ഈ മുറികളിൽ രോഗികൾ താമസിക്കാത്ത ദിവസങ്ങളിലും ആശുപത്രി കമ്പനിയ്ക്ക് വാടക നൽകിക്കൊണ്ടിരിക്കുകയായിരുന്നു. ഇത്തരത്തിലുള്ള അനധികൃതമായ രീതികളിലൂടെയാണ് ചെയർമാൻ ആശുപത്രിയ്ക്ക് കടബാധ്യതകൾ ഉണ്ടാക്കി പണം തട്ടിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു.

ഇത്തരത്തിൽ സംശയം തോന്നിയ ഇടപാടുകളുടെയും കടബാധ്യതകളുടെയും രേഖകൾ ഹാജരാക്കുവാൻ ബൈജു സേനാധിപൻ ആവശ്യപ്പെട്ടെങ്കിലും ഡോ ജേക്കബ് ജോൺ അതിനു തയ്യാറായില്ലെന്ന് മാത്രമല്ല , ഹോസ്പിറ്റൽ പുറത്തു വിൽക്കുവാൻ മനോരമ പത്രത്തിൽ പരസ്യം നൽകുകയും , മറ്റു വില്പന നടപടികളിലേക്ക് നീങ്ങുകയും ചെയ്തു.രേഖകൾ ഹാജരാക്കാത്തിനെത്തുടർന്നു തനിക്ക് കരാറിൽ നിന്ന് പിന്മാറേണ്ടി വന്നുവെന്നും എന്നാൽ സെക്യൂരിറ്റി ചെക്ക് തിരിച്ചു നൽകുവാൻ കൂട്ടാക്കാതെ ഡോ ജേക്കബ് ജോൺ അത് ബാങ്കിൽക്കൊടുത്ത് ക്യാഷ് പിൻവലിക്കുവാൻ ശ്രമിക്കുകയും ,സാധിക്കാതെ വന്നപ്പോൾ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്റ്റ് പ്രകാരം തനിക്കെതിരെ ക്രിമിനൽ കേസ് കൊടുക്കുകയുമാണ് ഉണ്ടായതെന്നും ബൈജു സേനാധിപൻ പറയുന്നു.

ഇതിനെ ചോദ്യം ചെയ്തുകൊണ്ട് താൻ കൊല്ലം സി.ജെ.എം കോടതിയിൽ വഞ്ചനാകേസ് ഫയൽ ചെയുകയും,ആ കേസ് ഫയലിൽ സ്വീകരിച്ചു നടപടി ആരംഭിച്ചിക്കുകയും ചെയ്തിരുന്നുവെന്നും ബൈജു സേനാധിപൻ പറയുന്നു.

ഡോ ജേക്കബ് ജോൺ നൽകിയ കേസിലെ സമൻസ് തന്റെ മാതാവ് കൈപ്പറ്റിയ വിവരം താൻ അറിഞ്ഞപ്പോഴേയ്ക്കും കേസിൽ വാറന്റ് ആയിരുന്നുവെന്നും ബൈജു സേനാധിപൻ പറയുന്നു. വാറന്റ് കൈപ്പറ്റിയ ഡോ ജേക്കബ് ജോൺ അത് കൈപ്പറ്റിയ ശേഷം ഒരുമാസം അനധികൃതമായി കൈവശം വെയ്ക്കുകയും പിന്നീട് നിയമവിരുദ്ധമായി അതിന്റെ ഫോട്ടോ വാട്സാപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തുവെന്നും ഡോ. ബൈജു ആരോപിക്കുന്നു.

വാറണ്ടിന്റെ വിവരം ചവറ പോലീസ് സ്റ്റേഷനിൽ നിന്നും ഫോൺ മുഖാന്തരം അറിഞ്ഞതിനെ തുടർന്ന് ജാമ്യം എടുക്കുന്നതിലേക്കായി താൻ അഭിഭാഷകൻ മുഖേന കേസ് 17 .05 .2019 ലേക്കായി അഡ്വാൻസ് ചെയ്യുകയുണ്ടായെങ്കിലും ഡോ ജേക്കബ് ജോൺ ചില തല്പരകക്ഷികളുമായി ഒത്തുകളിച്ചു തലേ ദിവസം തന്നെ (അതായത് 16 .05 .2019ന് )വൈകുന്നേരം മൂന്ന് മണിക്ക് തന്നെ ഒരു കൊടും കുറ്റവാളിയെ പോലെ തന്റെ തിരുവനന്തപുരം ക്ലിനിക്കിൽ നിന്ന് അറസ്റ്റ് ചെയ്യിക്കുകയാണുണ്ടായതെന്നു അദ്ദേഹം ആരോപിക്കുന്നു.

ഉന്നത ഇടപെടലുകൾ

തന്നെ ഇത്തരത്തിൽ കൊടും കുറ്റവാളിയെപ്പോലെ അറസ്റ്റ് ചെയ്തതിനും അപകീർത്തിപ്പെടുത്തിയതിനും പിന്നിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടിട്ടുണ്ടെന്നും ബൈജു സേനാധിപൻ ആരോപിക്കുന്നു. അഷ്ടമുടി ആശുപത്രി വിൽക്കുന്നതിനെതിരെ താൻ നൽകിയ കേസിൽ നിന്നും തന്നെ പിന്മാറ്റുകയായിരുന്നു ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

5.25 കോടിരൂപയ്ക്കാണ് ചാത്തന്നൂർ എംഎൽഎയും സിപിഐ നേതാവുമായ ജി എസ് ജയലാൽ അഷ്ടമുടി ആശുപത്രി വാങ്ങുവാൻ 2018 മേയ്മാസത്തിൽ കരാർ ഉണ്ടാക്കിയത്. ഇതിൽ 1.5 കോടി രൂപ കരാർ എഴുതിയ തീയതി കഴിഞ്ഞ് മൂന്നുമാസത്തിനുള്ളിൽ നൽകുകയും ചെയ്തു. സാന്ത്വനം കോ ഓപ്പറേറ്റിവ് സൊസൈറ്റി എന്ന സ്ഥാപനത്തിൽ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഓഹരികൾ വിറ്റഴിച്ച് ആശുപത്രി നടത്തുവാനുള്ള പണം സമാഹരിക്കുകയായിരുന്നു പദ്ധതി. നിലവിൽ ആശുപത്രിയുടെ വെബ്സൈറ്റിൽ ഡയറക്ടർ ബോർഡംഗങ്ങളുടെ പട്ടികയിൽ ഏറ്റവും മുകളിൽ ജയലാലിന്റെ പേരാണുള്ളത്.

എന്നാൽ സിപിഐ നേതൃത്വത്തിന്റ് അറിവോടെയല്ല ഈ നീക്കം നടന്നതെന്ന് സിപിഐ വൃത്തങ്ങൾ അറിയിക്കുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പോലും ഇക്കാര്യം അറിഞ്ഞത് ധനസമാഹരണത്തിനായി വിദേശത്തു പോകാൻ അനുവാദം ചോദിച്ച് ജയലാൽ പാർട്ടി നെതൃത്വത്തിനു കത്തുനൽകിയപ്പോഴാണ്.

പാർട്ടിപോലുമറിയാതെ ഇത്തരമൊരു സഹകരണ സംഘത്തിന്റെ രൂപീകരണവും കോടികളുടെ ഇടപാടുകളും എംഎൽഎ നടത്തിയത് ദുരൂഹമാണെന്ന് സിപിഐയുമായി ബന്ധപ്പെട്ടവർ പറയുന്നു. കച്ചവടത്തിനു തടസം നിന്ന ഡോ ബൈജു സേനാധിപനെ കുടുക്കാൻ ഉണ്ടായ ഉന്നത ഇടപെടലുകൾക്ക് പിന്നിൽ ആരെന്ന ചോദ്യവും ജയലാലിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്.