അഭിമന്യു വധക്കേസിലെ പ്രതി എൽഎൽബി കോഴ്സിന്; ഗേറ്റ് പൂട്ടി തടഞ്ഞ് എസ്എഫ്‌ഐ

single-img
28 June 2019

എല്‍എല്‍ബി ക്ലാസിന് ചേരാന്‍ എത്തിയ അഭിമന്യു വധക്കേസ് പ്രതിയെ തടഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. തൊടുപുഴയിലെ സ്വകാര്യ കോളജിൽ കോഴ്സിന് ചേരാനെത്തിയ കേസിലെ 26ാം പ്രതി മുഹമ്മദ് റിസയെയാണ് എസ്എഫ്‌ഐ  പ്രവർത്തകർ തടഞ്ഞത്. 

എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവിയിരുന്ന അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ 26ാം പ്രതിയാണ് മുഹമ്മദ് റിസ. ക്ലാസ് നേരത്തെ തുടങ്ങിയെങ്കിലും ഇയാള്‍ ഇന്നലെയാണ് ക്ലാസിനെത്തിയത്. ഇതോടെ കൊലക്കേസ് പ്രതിയെ കോളജില്‍ പഠിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് എസ്എഫ്‌ഐ രംഗത്തെത്തുകയായിരുന്നു. 

കോളജ് ഗേറ്റ് പൂട്ടിയ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികളെ ക്ലാസുകളില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്ന്‌ പൊലീസെത്തി സമരക്കാരുമായി ചര്‍ച്ച ചെയ്തു. കേസില്‍ അറസ്റ്റിലായ റിസയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. 

കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് പ്രവേശനം നല്‍കിയതെന്നും സമരം ചെയ്ത വിദ്യാര്‍ത്ഥികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും കോളജ് അധികൃതര്‍ പറഞ്ഞു.