വായ്പ തിരിച്ചടയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ വി.ജെ. ജോസ് കുഴഞ്ഞു വീണു മരിച്ചു

single-img
27 June 2019

വായ്പാ തിരിച്ചടവിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഏലൂര്‍ വി.ജെ. ജോസാണ് (60) മരിച്ചത്. വാഹനവായ്പ കുടിശികയെക്കുറിച്ചു സംസാരിക്കാന്‍ ബാങ്ക് ജീവനക്കാര്‍ രാവിലെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് മരണമെന്ന് വീട്ടുകാര്‍ പറയുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

ഇരുചക്ര വാഹനം വാങ്ങുന്നതിനെടുത്ത വായ്പയുടെ രണ്ട് അടവുകള്‍ മുടങ്ങിയിരുന്നു. മുടങ്ങിയ തുക 30ന് അടക്കാമെന്നു പറഞ്ഞിരുന്നതാണ്. എന്നിട്ടും ഇതിന്റെ പേരില്‍ ബാങ്കുകാര്‍ മൂന്നു തവണ വീട്ടില്‍ വന്നതായി വി.ജെ. ജോസിന്റെ മകന്‍ പറയുന്നു.

ബാങ്കുകാരുമായി ജോസ് തര്‍ക്കത്തിലേര്‍പ്പെടുകയും വീട്ടില്‍ നിന്നു ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്നായിരുന്നു മരണം. നെഞ്ചുവേദന അനുഭവപ്പെട്ട ജോസിനെ വാഹനത്തില്‍ കയറ്റാനും മറ്റും ബാങ്കുകാര്‍ സഹായിച്ചിരുന്നു.

ആശുപത്രിയിലേക്ക് എത്തിക്കോളാമെന്നു അവര്‍ പറഞ്ഞെങ്കിലും പിന്നെ ഇവരെക്കുറിച്ച് ഒരു വിവരമുണ്ടായില്ലെന്നാണ് ജോസിന്റെ ബന്ധുക്കള്‍ പറയുന്നത്. അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനാണ് വി.ജെ. ജോസ്. ഇദ്ദേഹത്തെ ‘ഗ്രീന്‍പീസ്’ പെരിയാറിന്റെ സംരക്ഷണത്തിനായി ‘റിവര്‍ കീപ്പര്‍’ ആയി നിയോഗിച്ചിരുന്നു.