മുന്‍മന്ത്രിയുടെ മകനാണെന്ന കാര്യം മറച്ചുവെച്ചു; കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; വിസയും വിമാനടിക്കറ്റും അയച്ചത് സ്വന്തം ഇ മെയിലില്‍ നിന്ന്: ബിനോയ്‌ക്കെതിരെ കൂടുതല്‍ ആരോപണവുമായി യുവതി

single-img
27 June 2019

ലൈംഗിക പീഡന ആരോപണം നേരിടുന്ന ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകളുമായി പരാതിക്കാരിയായ യുവതി. തന്നേയും കുട്ടിയേയും ദുബായിലേക്ക് കൊണ്ടുപോകാനായി വിസ അയച്ചു കൊടുത്തതിന്റെ രേഖകളാണ് യുവതി ഇന്ന് ഹാജരാക്കിയത്. ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തുകൊണ്ടാണ് യുവതിയുടെ അഭിഭാഷകന്‍ ഇന്ന് കൂടുതല്‍ രേഖകള്‍ ഹാജരാക്കിയത്.

സ്വന്തം ഇമെയില്‍ ഐഡിയില്‍ നിന്നാണ് ബിനോയ് യുവതിക്ക് ടൂറിസ്റ്റ് വിസ അയച്ച് നല്‍കിയത് എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. യുവതിയുടെ ബിസിനസ് മെയില്‍ ഐഡിയിലേക്കാണ് വിസ അയച്ചത്. 2015 ഏപ്രില്‍ 21നാണ് ബിനോയ് വിസ അയച്ച് നല്‍കിയത്. വിസയ്‌ക്കൊപ്പം ദുബായ് സന്ദര്‍ശിക്കാന്‍ വിമാന ടിക്കറ്റുകളും ഇ മെയില്‍ വഴി അയച്ച് നല്‍കിയിട്ടുണ്ട്.

കോടിയേരി ബാലകൃഷ്ണന്‍ മുന്‍ മന്ത്രിയാണെന്ന വിവരം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രതി മറച്ചുവെച്ചു എന്നും യുവതി ആരോപിക്കുന്നു. ബിനോയ് ദുബായില്‍ പ്രതിയായ ക്രിമിനല്‍ കേസുകളുടെ വിവരവും അപേക്ഷയില്‍ മറച്ചുവെച്ചെന്നും യുവതി കോടതിയെ അറിയിച്ചു. മകനെ തട്ടിക്കൊണ്ട് പോകുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ ബിനോയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും യുവതി ആവശ്യപ്പെടുന്നു.

കേസില്‍ ഇടപെടാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള അപേക്ഷ യുവതിയുടെ പുതിയ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതിനെ തുടര്‍ന്ന് അഭിഭാഷകര്‍ തമ്മില്‍ വാഗ്വാദം ഉണ്ടായപ്പോള്‍ ജഡ്ജി ഇടപ്പെട്ടു. തര്‍ക്കം വേണ്ട തീരുമാനം കോടതിയുടേതെന്ന് അഭിഭാഷകരോട് ജഡ്ജി വ്യക്തമാക്കി. യുവതിക്കായി ഹാജരാകാന്‍ അഭിഭാഷകനെ അനുവധിക്കണോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സമയം വേണമെന്നും അഭിഭാഷകരോട് കാത്തിരിക്കാനും ജഡ്ജി അറിയിച്ചു.