ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കി; ബ്രിട്ടീഷ് യുദ്ധവിമാനങ്ങള്‍ അനുഗമിച്ചു

single-img
27 June 2019

ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍നിന്നും ന്യൂയോര്‍ക്കിലേക്കുള്ള എയര്‍ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ലണ്ടന്‍ വിമാനത്താവളത്തില്‍ ഇറക്കിയ വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്. എ1 191 എന്ന എയര്‍ഇന്ത്യ വിമാനത്തിനാണ് ഭീഷണിയുണ്ടായത്.

ബ്രിട്ടീഷ് വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ എയര്‍ ഇന്ത്യ വിമാനത്തെ പിന്തുടര്‍ന്നുവെന്ന് ബ്രിട്ടീഷ് മാധ്യമമായ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. എയര്‍ ഇന്ത്യ വിമാനത്തില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് തങ്ങളുടെ ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ എയര്‍ഇന്ത്യ വിമാനത്തിന് അടുത്ത് എത്തുകയും ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ ഇറക്കുകയും ചെയ്തുവെന്ന് ബ്രിട്ടീഷ് വ്യോമസേനാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം ലണ്ടനില്‍ ഇറക്കി എന്ന് ആദ്യം ട്വീറ്റ് ചെയ്ത എയര്‍ ഇന്ത്യ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ബ്രിട്ടീഷ് യുദ്ധവിമാനങ്ങള്‍ എയര്‍ഇന്ത്യ വിമാനത്തിന് അകമ്പടിയായി സഞ്ചരിച്ചോ എന്ന കാര്യത്തിലും ഇതുവരെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.