കൂട്ടുകാരന്റെ ഭാര്യയെ സ്വന്തമാക്കാന്‍ കൊലപാതകം; യുവാവ് അറസ്റ്റില്‍

single-img
26 June 2019

സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കുന്നതിന് കൊല നടത്തിയ യുവാവ് അറസ്റ്റില്‍. ഡല്‍ഹി സ്വദേശിയായ ഗുല്‍കേഷാണ് ദല്‍ബീര്‍ എന്ന സുഹൃത്തിനെ തലക്കടിച്ച് കൊന്ന് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചത്. അപകടമരണം എന്ന തോന്നല്‍ ഉണ്ടാകുന്നതിന് വേണ്ടിയാണ് ഗുല്‍കേഷ് ഇങ്ങനെ ചെയ്തത്.

സംഭവത്തില്‍ പൊലീസ് അന്വേഷണത്തെ വഴിതെറ്റിക്കാനും ഇയാള്‍ ശ്രമിച്ചു. ട്രെയിന്‍ കയറി ദല്‍ബീര്‍ മരണപ്പെട്ട ശേഷം ഗുല്‍കേഷ് പൊലീസിനെ വിളിച്ച് തന്റെ സുഹൃത്ത് റെയില്‍വേ ട്രാക്കില്‍ കിടക്കുന്നതായി അറിയിച്ചു. എന്നാല്‍ ഗുല്‍കേഷിന്റെ ഷര്‍ട്ടില്‍ ചോരപ്പാടുകള്‍ കണ്ട പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ദല്‍ബീറിന്റെ ഫോണിലേക്ക് അവസാനം വിളിച്ചത് ഗുല്‍കേഷായിരുന്നു. ഇതും പൊലീസിന്റെ സംശയം ബലപ്പെടുത്തി. ദല്‍ബീറിന്റെ അയല്‍ക്കാരനായിരുന്ന ഗുല്‍കേഷ് നിരന്തരം അയാളുടെ വീട് സന്ദര്‍ശിക്കുമായിരുന്നു. ദല്‍ബീര്‍ ഇല്ലാത്ത സമയത്തും ഇയാള്‍ വീട്ടിലെത്തി ദല്‍ബീറിന്റെ ഭാര്യയ്ക്ക് സമ്മാനങ്ങളും മറ്റും നല്‍കി.

തന്റെ കൂടെ കഴിയണമെന്നും തന്നെ വിവാഹം ചെയ്യണമെന്നും ഇയാള്‍ സുഹൃത്തിന്റെ ഭാര്യയോട് നിരന്തരം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവുള്ളപ്പോള്‍ താന്‍ മറ്റൊരു പുരുഷനെ കുറിച്ച് ചിന്തിക്കുകയില്ല എന്നാണ് ഭാര്യ പറഞ്ഞിരുന്നത്. ഇതിനെ തുടര്‍ന്നാണ് കൂട്ടുകാരനെ ഇയാള്‍ കൊന്നത്. ദല്‍ബീറിന്റെ ഭാര്യയ്ക്ക് ഗുല്‍കേഷിനോട് താല്‍പ്പര്യം ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. കൊലപാതകത്തില്‍ ദല്‍ബീറിന്റെ ഭാര്യയ്ക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.