മരണത്തിന് ഉത്തരവാദികൾ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും;ഫേസ്ബുക്ക് ലൈവിലൂടെ കര്‍ഷക ആത്മഹത്യ

single-img
25 June 2019

തന്റെ മരണത്തിന് ഉത്തരവാദികൾ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റുമാണെന്ന് ആരോപിച്ചുകൊണ്ട് രാജസ്ഥാനിലെ തക്റിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ഞായറാഴ്ച്ചയാണ് 45 വയസ്സുകാരനായ സോഹൻ ലാൽ മേഘ് വാള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

“സംസ്ഥാനത്തു അധികാരത്തിലെത്തിയാല്‍ പത്ത് ദിവസത്തിനകം കാര്‍ഷിക വായ്പ എഴുത്തിത്തള്ളുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്. അവര്‍ ഇപ്പോള്‍ അധികാരത്തിലെത്തി. എന്നാൽ, അവരുടെ വാഗ്ദാനത്തിനെന്ത് പറ്റി? ഞാന്‍ ആത്മഹത്യ ചെയ്യുകയാണ്. കര്‍ഷകരുടെ കാര്യം ശ്രദ്ധിക്കണമെന്ന് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനോട് ഞാന്‍ ആവശ്യപ്പെടുകയാണ്. എന്‍റെ മരണശേഷം ഈ ഗ്രാമത്തില്‍ ഐക്യം ഉണ്ടാവുമെന്ന് ഞാന്‍ കരുതുന്നു.” തന്‍റെ ആത്മഹത്യാ കുറിപ്പില്‍ സോഹന്‍ ലാല്‍ എഴുതിയിരുന്നു.

ഈ കാര്യങ്ങൾ പറഞ്ഞുകൊണ്ട് ഒരു ലൈവ്ഫേസ്ബുക്ക് വീഡിയോയും സോഹന്‍ ലാല്‍ പോസ്റ്റ് ചെയ്തു. ഇക്കുറി വിഷം കഴിച്ചശേഷമായിരുന്നു ഫേസ്ബുക്ക് ലൈവ്. ഇദ്ദേഹത്തിന്റെ ലൈവ് വീഡിയോ കണ്ട് ഉടന്‍ തന്നെ നാട്ടുകാര്‍ സോഹന്‍ലാലിന്‍റെ വീട്ടിലേക്ക് എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൃഷി ആവശ്യത്തിനായി കാര്‍ഷിക വായ്പയായി രണ്ട് ബാങ്കുകളില്‍ നിന്ന് മൂന്നുലക്ഷത്തോളം രൂപ ഇയാള്‍ വാങ്ങിയിരുന്നതായാണ് വിവരം.