കൂടുതല്‍ പേര്‍ ബി.ജെ.പിയില്‍ എത്തുമെന്ന് പി.എസ് ശ്രീധരന്‍ പിള്ള

single-img
25 June 2019

Doante to evartha to support Independent journalism

എ.പി അബ്ദുള്ളക്കുട്ടിയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. 2008 മുതല്‍ അബ്ദുള്ളക്കുട്ടി മോദിയുടെ വികസന നയത്തെ പിന്തുണയ്ക്കുന്ന ആളാണെന്നും നരേന്ദ്ര മോദിക്ക് മാത്രമേ വികസനം ഉറപ്പുവരുത്താന്‍ കഴിയുള്ളൂവെന്ന് അബ്ദുള്ളക്കുട്ടി നേരത്തെ മനസിലാക്കിയതാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കൂടുതല്‍ പേര്‍ ബി.ജെ.പിയിലേക്ക് എത്തുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

‘അദ്ദേഹം ബി.ജെ.പിയിലേക്ക് വരുന്നതില്‍ ഒരു തെറ്റുമില്ല. അദ്ദേഹത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുകയുമാണ്. കാരണം അദ്ദേഹം 2008 ലും ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയെയാണ് ഏറ്റവും മികച്ച വികസന മാതൃക എന്ന് പ്രഖ്യാപിക്കാന്‍ ചങ്കൂറ്റം കാട്ടിയ ആളാണ്.

പ്രധാനമന്ത്രിയായപ്പോഴും ആ അഭിപ്രായം തുടരുന്നു. ഇപ്പോഴും ആ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോകേണ്ടി വന്ന ആളാണ്. യഥാര്‍ത്ഥത്തില്‍ രാജ്യത്ത് വികസനം ഉറപ്പുവരുത്താന്‍ നരേന്ദ്ര മോദി നേതൃത്വം കൊടുക്കുന്ന യാത്രാസംഘത്തിന് മാത്രമേ സാധിക്കൂവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം’ ശ്രീധരന്‍ പിള്ള പറഞ്ഞു.

അതേസമയം, നരേന്ദ്ര മോദിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പു വിജയത്തെ പുകഴ്ത്തിയതിന് കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെട്ട എ.പി അബ്ദുള്ളക്കുട്ടി ബിജെപിയിലേയ്ക്ക് ചേക്കേറുമെന്നാണ് അഭ്യൂഹങ്ങള്‍. പ്രധാനമന്ത്രിയുമായും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും അബ്ദുല്ലക്കുട്ടി കൂടിക്കാഴ്ച്ച നടത്തി. പാര്‍ലമെന്റ് മന്ദിരത്തില്‍വച്ചായിരുന്നു കൂടിക്കാഴ്ച്ച.

ഇരുവരും ബിജെപിയിലേക്കു ക്ഷണിച്ചതായി അബ്ദുള്ളക്കുട്ടി അവകാശപ്പെട്ടു. അംഗത്വമെടുക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനം പ്രഖ്യാപിക്കുമെന്ന് അബ്ദുള്ളക്കുട്ടി അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്കു പിന്നാലെ നരേന്ദ്ര മോദിയെ ഗാന്ധിയനായി വിശേഷിപ്പിച്ച് അബ്ദുള്ളക്കുട്ടി രംഗത്തെത്തിയിരുന്നു.

ഇതിനെതിരെ പാര്‍ട്ടിയില്‍നിന്ന് ശക്തമായ വിമര്‍ശനമാണ് ഉണ്ടായത്. പിന്നാലെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കുകയായിരുന്നു. ബിജെപിയില്‍ ചേരുന്നതിനു മുന്നോടിയായാണു പ്രശംസയെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അബ്ദുള്ളക്കുട്ടി നിഷേധിച്ചിരുന്നു.