ബി.ജെ.പിയുമായി ‘കൈകൊടുത്ത’ പി.സി ജോര്‍ജിന് വീണ്ടും തിരിച്ചടി

single-img
25 June 2019

പി.സി.ജോര്‍ജിന്റെ എന്‍ഡിഎ അനുകൂല രാഷ്ട്രീയ നിലപാടിനെ തള്ളി ജനപക്ഷം ഭരിക്കുന്ന തിടനാട് പഞ്ചായത്തിലെ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് അംഗവും. പഞ്ചായത്ത് പ്രസിഡന്റായ ലീന ജോര്‍ജും ഏഴാം വാര്‍ഡ് അംഗം മേഴ്‌സി ജോസഫും ജനപക്ഷം വിട്ട് യു.ഡി.എഫിനോടൊപ്പം ചേര്‍ന്നു.

മതനിരപേക്ഷ മൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതുകൊണ്ടാണ് യുഡിഎഫിനൊപ്പം ചേര്‍ന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലീന ജോര്‍ജ് പറഞ്ഞു. കേരള കോണ്‍ഗ്രസ് സെക്കുലര്‍ സ്ഥാനാര്‍ഥികളായി ജയിച്ചവരാണ് ഇരുവരും. സെക്കുലര്‍, ജനപക്ഷം സെക്കുലറായതോടെ എന്‍ഡിഎ ഘടകകക്ഷിയായി മാറി.

ഇതിനോടു വിയോജിപ്പ് പ്രകടിപ്പിച്ചാണ് ഇവരുടെ നിലപാടുമാറ്റം. ജനപക്ഷത്തിനു ശക്തിയുള്ള പഞ്ചായത്താണിത്. കേരള കോണ്‍ഗ്രസിലെയും കോണ്‍ഗ്രസിലെയും 2 പേരുടെ വീതവും ജനപക്ഷത്തിലെ 4 പേരുടെയും പിന്തുണയോടെയാണ് ലീന ജോര്‍ജ് പ്രസിഡന്റായത്.

പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ എല്‍ഡിഎഫ് അവിശ്വാസത്തെ യുഡിഎഫ് പിന്തുണച്ചതോടെ ജനപക്ഷത്തിലെ പ്രസിഡന്റ് ഷൈനി സന്തോഷ് പുറത്തായിരുന്നു. ജനപക്ഷം പ്രസിഡന്റുമാര്‍ ഭരണം നടത്തുന്ന പൂഞ്ഞാര്‍, തിടനാട് പഞ്ചായത്തുകളിലും അവിശ്വാസത്തിനു ശ്രമം തുടങ്ങിയതോടെയാണ് ഇവര്‍ ജനപക്ഷത്തെ തള്ളി യുഡിഎഫിനൊപ്പം ചേര്‍ന്നത്.