തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ നീക്കം പാളുന്നു; ചെയര്‍മാന്‍ സ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പി.ജെ. ജോസഫ്

single-img
25 June 2019

കേരള കോണ്‍ഗ്രസ് എമ്മിലെ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു. ജോസ് കെ. മാണി ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ന്നുകൊണ്ടുള്ള ഒരു അനുരഞ്ജനത്തിനും തയ്യാറല്ലെന്ന് പി.ജെ.ജോസഫ് വ്യക്തമാക്കി. ഇതോടെ വിഷയത്തില്‍ യുഡിഎഫ് നേതാക്കള്‍ നടത്തിയ അനുനയ നീക്കമെല്ലാം പാളി.

ജോസ് കെ. മാണിക്ക് മനംമാറ്റമുണ്ടായാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് ജോസഫിന്റെ നിലപാട്. ചെയര്‍മാന്‍ സ്ഥാനത്തിന് ജോസ് കെ. മാണി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നില്ലെങ്കില്‍ ചര്‍ച്ചകള്‍ക്കൊന്നും പ്രസക്തിയില്ലെന്നും ജോസഫ് വ്യക്തമാക്കി.

യുഡിഎഫ് നേതാക്കള്‍ ഇടപെട്ട് നടത്തിയ സമവായ ശ്രമങ്ങളൊന്നും വിജയിച്ചില്ലെന്നാണ് ജോസഫിന്റെ പ്രതികരണം സൂചിപ്പിക്കുന്നത്. ചെയര്‍മാന്‍ സ്ഥാനം ജോസഫിന് വിട്ടുകൊടുത്തുള്ള അനുരഞ്ജനത്തിന് ജോസ് കെ. മാണിയും തയാറാകാത്ത സ്ഥിതിക്ക് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകാനാണ് സാധ്യത.