ബാലഭാസ്‌കറിന്റെ മരണത്തില്‍ ഹൈക്കോടതി ഇടപെടല്‍: രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം

single-img
25 June 2019

ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ വിഷ്ണു, പ്രകാശന്‍ തമ്പി എന്നിവര്‍ക്ക് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി റിപ്പോര്‍ട്ട് തേടിയത്. പ്രതികളുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും.

അതേസമയം, കേസ് സംബന്ധിച്ച ദുരൂഹതകള്‍ ഒരാഴ്ചയ്ക്കകം തീരുമെന്ന് ക്രൈംബ്രാഞ്ച് സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. കാറോടിച്ചതാരാണെന്ന് ക്രൈംബ്രാഞ്ചിന് വ്യക്തതയുണ്ടെങ്കിലും ഇത് ശാസ്ത്രീയമായി ഉറപ്പിക്കാനാണ് സീറ്റ് ബെല്‍റ്റുകളുടെ ശാസ്ത്രീയ പരിശോധന നടത്തിയത്.

ഡ്രൈവിംഗ് സീറ്റില്‍ ആരാണെന്ന് ഉറപ്പാക്കാന്‍ ഡ്രൈവര്‍ അര്‍ജുന്റെയും ബാലുവിന്റെ മാതാപിതാക്കളുടെയും രക്തസാമ്പിളുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഡ്രൈവിംഗ് സീറ്റിലെ രക്തക്കറ ക്രൈംബ്രാഞ്ച് നേരത്തേ പരിശോധനയ്ക്കയച്ചിരുന്നു. ഇപ്പോള്‍ ശേഖരിച്ച രക്തസാമ്പിളുകളുടെ ഡി.എന്‍.എ പരിശോധനയിലൂടെ, കാറോടിച്ചത് ആരാണെന്ന് ഉറപ്പിക്കാനാവും. ഡ്രൈവിംഗ് സീറ്റില്‍ നിന്നു ശേഖരിച്ച മുടിയും ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കും.