ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചര്‍ച്ച നടത്തിയത് തൻ്റെ ഒാഫീസിൽ; കോടിയേരിക്ക് കാര്യങ്ങൾ അറിയാമായിരുന്നു: അഭിഭാഷകൻ്റെ നിർണ്ണായക വെളിപ്പെടുത്തൽ

single-img
24 June 2019

ബിനോയി കോടിയേരിക്ക് എതിരായ പീഡനക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മധ്യസ്ഥ ചര്‍ച്ച നടത്തിയ അഭിഭാഷകന്‍ കെപി ശ്രീജിത്ത്. വിഷയം നേരത്തെ അറിയില്ലായിരുന്നു എന്ന കോടിയേരി ബാലകൃഷ്ണന്റെ വാദം തെറ്റായിരുന്നുവെന്ന വെളിപ്പെടുത്തലുമായാണ് അദ്ദേഹം രംഗത്തെത്തിയത്.

ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചര്‍ച്ച നടത്തിയത് തന്റെ ഓഫീസിലായിരുന്നുവെന്നും അഭിഭാഷകന്‍ വെളിപ്പെടുത്തി. കോടിയേരിയോട് സംസാരിച്ചപ്പോള്‍ സത്യാവസ്ഥ അറിയണമെന്ന് അദ്ദേഹം പറഞ്ഞതായും ശ്രീജിത്ത് പറഞ്ഞു. ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നു എന്ന തോന്നല്‍ കോടിയേരിക്കും ഭാര്യയ്ക്കും ഉണ്ടായിരുന്നുവെന്നും ശ്രീജിത്ത് പറയുന്നു.

ഏപ്രില്‍ പതിനെട്ടിനാണ് വിനോദിനി യുവതിയെ കാണാനെത്തിയത്. യുവതി ഓഷിവാര പൊലീസില്‍ യുവതി പരാതി നല്‍കുന്നതിന് മുമ്പായിരുന്നു സംഭവം. അതിന് പത്തുദിവസത്തിന് ശേഷം ബിനോയി വീണ്ടുമെത്തി ചര്‍ച്ച നടത്തിയെന്നും ആ സമയത്ത് യുവതിയുടെ കൂടെയുണ്ടായിരുന്നത് കുടുംബ സുഹൃത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

പെണ്‍കുട്ടി തന്നെ സമീപിക്കുന്നത് മലയാളി മാധ്യമപ്രവര്‍ത്തകന്‍ വഴിയാണ്. പണത്തിന് വേണ്ടി ബ്ലാക്‌മെയില്‍ ചെയ്യുകയാണ് എന്നാണ് ബിനോയി തന്നോട് പറഞ്ഞതെന്ന് വിനോദിനി പറഞ്ഞുവെന്നും ശ്രീജിത്ത് വ്യക്തമാക്കുന്നു.  തെരഞ്ഞെടുപ്പ് സമയം ആയതിനാല്‍ വല്ലാതെ ഉപദ്രവിക്കുന്നു എന്നാണ് ബിനോയി പറഞ്ഞിരുന്നത്. താൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിനോദിനി മുംബൈയില്‍ വന്നതെന്നും ശ്രീജിത്ത് പറയുന്നു.

കുട്ടിയുടെ ചെലവിനായി അഞ്ചുകോടി കൊടുക്കണം എന്നായിരുന്നു യുവതിയുടെ ആവശ്യം.  ഇത് സത്യമാണോ എന്ന് അമ്മയ്ക്ക് സംശയമുണ്ടായിരുന്നു. യുവതി കാണിച്ച ഡോക്യുമെന്റുകള്‍ വിനോദിനി അംഗീകരിച്ചില്ലെന്നും ശ്രീജിത്ത് വ്യക്തമാക്കുന്നു. .

പിന്നീട് 29ന് ബിനോയി മുംബൈയിലെത്തി അയാളുടെ കയ്യിലുള്ള ഡോക്യുമെന്റ് കാണിച്ചു. കുട്ടിയുടെ അച്ഛനാണെന്ന് തെളിയിക്കാതെ പണം കൊടുക്കാന്‍ സാധിക്കില്ല എന്നായിരുന്നു ബിനോയിയുടെ നിലപാടെന്നും അഭിഭാഷകന്‍ പറഞ്ഞു.