എന്ന് ബിജെപിയില്‍ ചേരുമെന്ന കാര്യത്തില്‍ തീരുമാനമെടുത്ത് അറിയിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു: എ പി അബ്ദുള്ളക്കുട്ടി

single-img
24 June 2019

ഇന്ന് നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും മുന്‍ എം പി എ പി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തി. ഇരുവരുമായും പാര്‍ലമെന്‍റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. പാര്‍ട്ടിയിലേക്ക് തന്നെ സ്വാഗതം ചെയ്ത അമിത് ഷാ ബിജെപിയില്‍ എന്ന് ചേരുമെന്ന കാര്യത്തില്‍ തീരുമാനമെടുത്ത് അറിയിക്കണമെന്ന് പറഞ്ഞതായും അബ്ദുള്ളക്കുട്ടി അറിയിച്ചു.

ഇന്ന് രാവിലെ പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ തന്നോട് ബിജെപിയില്‍ ചേരാന്‍ അദ്ദേഹം ആവശ്യപ്പെട്ടെന്ന് നേരത്തെ അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. ശേഷം അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ബിജെപി പാർലമെന്‍ററി പാർടി ഓഫീസിൽ ദേശീയ നേതാക്കളുമായും അബ്‍ദുള്ളക്കുട്ടി ചർച്ച നടത്തുകയാണ്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്‍റെ കനത്ത തോല്‍വിക്ക് പിന്നാലെ മോദിയെ പുകഴ്ത്തിയതിന് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് ജനങ്ങളില്‍ നിന്നും കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.