ഇന്ദിരാഗാന്ധിയെയും എം കരുണാനിധിയെയും അറസ്റ്റ് ചെയ്ത ഐപിഎസ് ഓഫീസർ; വിടപറഞ്ഞ വിആർ ലക്ഷ്മിനാരായണന്‍ ആരായിരുന്നു?

single-img
23 June 2019

സ്വതന്ത്ര ഇന്ത്യ കണ്ട മികച്ച ഐപിഎസ് ഓഫീസര്‍മാരില്‍ ഒരാളായിരുന്നു ഇന്ന് വിടപറഞ്ഞ ലക്ഷ്മിനാരായണന്‍. കേന്ദ്രത്തില്‍ മുൻ സിബിഐ ഡയറക്ടർ, തമിഴ്നാട് ഡിജിപി, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ സഹോദരൻ എന്നിങ്ങനെ ലക്ഷ്മി നാരായണൻ ഇന്ത്യക്കാർക്ക് പരിചിതനാണ്.1945ൽ തമിഴ്നാട്ടിലെ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഫിസിക്സിൽ ബിരുദമെടുത്ത ലക്ഷ്മി നാരായണൻ തനിക്ക് പോലീസുകാരനാവണമെന്ന് തീരുമാനിക്കുകയായിരുന്നു.

കുടുംബത്തില്‍ അച്ഛനും സഹോദരനും ജുഡീഷ്യൽ സർവ്വീസിൽ ആണെങ്കിലും തന്‍റെ വഴി മറ്റൊന്നാണെന്ന് അദ്ദേഹം തിരിച്ചറിയുകയായിരുന്നു. സര്‍വീസില്‍ ഇരിക്കവേ അടിയന്തിരാവസ്ഥയ്ക്ക് ശേഷം 1977 ഒക്ടോബര്‍ 3ന് ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്തതതും തമിഴ്നാട് ഡിജിപിയായിരിക്കുമ്പോൾ ഡിഎംകെ നേതാവ് എം കരുണാനിധിയെ അറസ്റ്റ് ചെയ്തതും ലക്ഷ്മിനാരായണനായിരുന്നു.

“താങ്കള്‍ അമ്മയെ വിളിക്കൂ.. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഒരു വനിതയുടെ, അതിലുപരി ജവഹർലാൽ നെഹ്റുവിന്‍റെ മകളുടെ കയ്യിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ പരുക്കനായ കൈകൾ കൊണ്ട് വിലങ്ങണിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല” അടിയന്തരാവസ്ഥ അവസാനിച്ചതിന് പിന്നാലെ ഇന്ദിരാ ഗാന്ധിയെ അറസ്റ്റ് ചെയ്യാനെത്തിയ ലക്ഷ്മിനാരായണൻ രാജീവ് ഗാന്ധിയോട് പറഞ്ഞതിങ്ങനെയായിരുന്നു. ആ സമയം മുറിയില്‍ നിന്നും ഇറങ്ങി വന്ന ഇന്ദിരാ ഗാന്ധി തന്നെ അണിയിക്കാനുള്ള വിലങ്ങ് എവിടെയെന്ന് ലക്ഷ്മിനാരായണനോട് ചോദിച്ചു.

അപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെ, “മികച്ച സേവനത്തിനുള്ള മെഡൽ താങ്കളുടെ കയ്യിൽ നിന്നും ഞാൻ വാങ്ങിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ അലസനാണ്.. വിലങ്ങുകളെടുക്കാൻ മറന്നു പോയി”. എന്നായിരുന്നു. അടിയന്തരാവസ്ഥ അവസാനിച്ച ശേഷം ഇന്ദിരാഗാന്ധി ലക്ഷ്മിനാരായണനെ കേന്ദ്രത്തില്‍ സിബിഐ ഡയറക്ടറാക്കാൻ ആഗ്രഹിച്ചുവെങ്കിലും തമിഴ്നാട് ഡിജിപിയായി ചുമതലയേൽക്കണമെന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എംജിആർ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് ദീർഘ കാലം തമിഴ്നാട് ഡിജിപിയായിരുന്ന ലക്ഷ്മി നാരായണൻ 1985 ലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. വിശ്രമ ജീവിതത്തിലും തന്‍റെ പെന്‍ഷന്‍ തുകയുടെ ഭൂരിഭാഗവും അദ്ദേഹം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിച്ചത്. സംസ്ഥാനത്ത് പ്രളയമുണ്ടായപ്പോഴും അദ്ദേഹം സഹായവുമായെത്തിയിരുന്നു. സ്വാതന്ത്ര ശേഷമുള്ള ഇന്ത്യയുടെ പ്രധാന രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണായക സ്ഥാനങ്ങൾ വഹിച്ചിരുന്ന വി ആർ ലക്ഷ്മി നാരായണൻ ഇപ്പോള്‍ തന്‍റെ 91ആം വയസിൽ വിട പറയുമ്പോൾ നഷ്ടമാകുന്നത് സംഭവബഹുലമായ ഒരു കാലഘട്ടത്തിന്‍റെ സാക്ഷിയെക്കൂടിയാണ്.