രാജു നാരായണ സ്വാമിയെ സര്‍വീസില്‍നിന്നു പിരിച്ചുവിടാനുള്ള ശ്രമം രണ്ടാംതവണ: അന്ന് തടഞ്ഞത് ഉമ്മൻചാണ്ടി

single-img
22 June 2019

ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമിയെ സര്‍വീസില്‍നിന്നു പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യുന്നത് ഇതു രണ്ടാം തവണ. മുമ്പ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലഭിച്ച ശുപാര്‍ശ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തള്ളുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രാജു നാരായണ സ്വാമിക്കെതിരെ സമാനമായ കണ്ടെത്തലുകളാണ് സമിതി നടത്തിയത്. സ്വാമിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും നിര്‍ബന്ധിത വിരമിക്കല്‍ നല്‍കണമെന്നും സമിതി ശുപാര്‍ശ ചെയ്തു. എന്നാല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇതു തള്ളുകയായിരുന്നു.

ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, പേഴ്സണൽ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ അടങ്ങുന്ന സമിതിയാണ് ഐഎഎസുകാരുടെ പ്രവര്‍ത്തനം വിലയിരുത്തുന്നത്. സര്‍വീസില്‍ ഇരുപത്തിയഞ്ചു വര്‍ഷം പൂര്‍ത്തിയായവരോ അന്‍പതു വയസു കഴിഞ്ഞവരോ ആയ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമാണ് സമിതി വിലയിരുത്തുക. സമിതിയുടെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനാണ് സമര്‍പ്പിക്കുന്നത്. സര്‍ക്കാര്‍ ഇത് അംഗീകരിക്കുന്നെങ്കില്‍ കേന്ദ്ര പഴ്‌നല്‍ വകുപ്പിനു കൈമാറും.

ഇപ്പോള്‍ ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതി നല്‍കിയ ശുപാര്‍ശയില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല എന്നുള്ളതാണ് വാസ്തവം. മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയിലാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി അംഗീകരിക്കുന്ന പക്ഷം റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിനു കൈമാറും. അതേസമയം സ്വാമിയെ പിരിച്ചുവിടാന്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.