ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചു; മദ്രസാ അധ്യാപകന് നേര്‍ക്ക് ആക്രമണം

single-img
22 June 2019

ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ച മദ്രസ അധ്യാപകന് നേര്‍ക്ക് ആക്രമണം. തലസ്ഥാനമായ ഡല്‍ഹിയിലെ രോഹിണിയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. ഇവിടെ സെക്ടര്‍ 20ലെ മദ്രസയില്‍ പഠിപ്പിക്കുന്ന മൗലാന മുഅ്മിന്‍ (40) ആണ് ആക്രമിക്കപ്പെട്ടത്. രാത്രി എട്ടുമണിയായപ്പോള്‍ കാറിലെത്തിയ സംഘം മുഅ്മിനെ അടുത്തേക്ക് വിളിക്കുകയായിരുന്നു.

Donate to evartha to support Independent journalism

അദ്ദേഹത്തിന്റെ വാക്കുകള്‍- ‘വാഹനത്തില്‍ നിന്നും മൂന്ന് പേര്‍ എന്റെ അടുത്തേക്ക് വന്ന് എനിക്ക് നേരെ കൈനീട്ടി. ഞാന്‍ അവരെ തിരിച്ചും അഭിവാദനം ചെയ്തു. പിന്നീട് അവര്‍ എന്നോട് വിശേഷങ്ങള്‍ ചോദിച്ചപ്പോള്‍ ഞാന്‍ അള്ളാഹുവിന്റെ കൃപ കൊണ്ട് എല്ലാം നന്നായി പോകുന്നുവെന്ന് പറഞ്ഞു. പെട്ടെന്ന് തന്നെ അവര്‍ അത് ശരിയല്ലെന്നും ജയ് ശ്രീറാം വിളിക്കണമെന്നും ആവശ്യപ്പെട്ടു. ഞാന്‍ അത് നിരസിക്കുകയും നടന്നുപോകുകയും ചെയ്തപ്പോള്‍ എന്നെ വാഹനം കൊണ്ട് ഇടിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഞാന്‍ തെറിച്ചുപോയി, അതോടെ ഞാന്‍ അബോധാവസ്ഥയിലായി’

റോഡില്‍ ബോധരഹിതനായി കിടക്കുന്നത് കണ്ട വഴി യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസാണ് ആശുപത്രിയിലെത്തിച്ചത്. സംഘത്തിന്റെ ആക്രമണത്തില്‍ ഇയാള്‍ക്ക് തലയ്ക്കും മുഖത്തിനും കൈയ്ക്കും പരിക്കേറ്റു. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.