ബിനോയി അറസ്റ്റിലായാല്‍ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവയ്ക്കും; അവധിയെടുത്ത് മാറിനൽക്കാനും നീക്കം നടക്കുന്നതായി സൂചന

single-img
22 June 2019

പീഡനക്കേസിൽ ബിനോയി അറസ്റ്റിലായാല്‍ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവയ്ക്കേണ്ടിവരുമെന്നു സൂചന. ബിനോയി കോടിയേരിയെ അറസ്റ്റു ചെയ്താൽ, കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനത്തു തുടരുന്നതിലെ ഔചിത്യം ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നും അതുകൊണ്ടുതന്നെ പ്രസ്തുത സാഹചര്യം രാജിയിലേക്കു നയിക്കാമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

Doante to evartha to support Independent journalism

സ്ത്രീസുരക്ഷയ്ക്ക് മുന്തിയ പരിഗണന നല്‍കുന്ന പാര്‍ട്ടി എന്ന നിലയില്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടും പാര്‍ട്ടിക്ക് സ്വീകരിക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ കോടിയേരി സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്നും അവധി എടുത്തേക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.  ഇക്കാര്യത്തിൽ ഇന്നു മുതൽ ആരംഭിക്കുന്ന സിപിഎം നേതൃയോഗത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

സിപിഎം നേതാക്കളും ബന്ധുക്കളും തുടരെ വിവാദത്തില്‍ അകപ്പെടുന്നതില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വവും അതൃപ്തിയിലാണ്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരായ ബലാല്‍സംഗക്കേസ്, ആന്തൂരില്‍ സിപിഎം അനുഭാവിയായ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം തുടങ്ങിയവയാണ് അടുത്തകാലത്ത് ഉയർന്നുവന്ന ആരോപണങ്ങൾ. ഇവയെല്ലാം നേതൃയോഗത്തില്‍ ചര്‍ച്ചയ്ക്ക് വരുമെന്നാണ് സൂചനകൾ.

ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റന്നാളും സംസ്ഥാന സമിതിയുമാണ് ചേരുക. തുടരെ സിപിഎം നേതാക്കളോ ബന്ധുക്കളോ വിവാദങ്ങളില്‍ അകപ്പെടുന്നത് പൊതുജനമധ്യത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കുന്നതായി പ്രവര്‍ത്തകര്‍ക്കിടയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിന് പിന്നാലെയാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി കണ്ണൂരില്‍ പ്രവാസി വ്യവസായി ജീവനൊടുക്കിയത്.

സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയുടെ നിഷേധാത്മക നിലപാടില്‍ മനംനൊന്താണ് പ്രവാസിയായ സാജന്‍ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയാണ് ആന്തൂര്‍ നഗരസഭയിലെ അധ്യക്ഷ. പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്ററിന്റെ അനുമതിക്ക് വേണ്ടി 20 ലേറെ തവണയാണ് പ്രവാസി വ്യവസായി നഗരസഭയില്‍ കയറിയിറങ്ങിയത്.

താന്‍ ചെയര്‍പേഴ്‌സന്റെ കസേരയില്‍ ഇരിക്കുമ്പോള്‍ കെട്ടിടത്തിന് അനുമതി ലഭിക്കുമെന്ന് കരുതേണ്ടെന്ന് നഗരസഭാധ്യക്ഷ പി കെ ശ്യാമള പറഞ്ഞതായി സാജന്റെ ഭാര്യ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. കണ്ണൂര്‍ സിപിഎമ്മിലെ വിഭാഗീതയാണ് സാജന്റെ കെട്ടിടത്തിന് അനുമതി നിഷേധിക്കാന്‍ കാരണമെന്നും ആരോപണമുണ്ട്. പി ജയരാജനോട് അടുപ്പമുള്ള ആളാണ് സാജനെന്നും സൂചനകളുണ്ട്.

കോടിയേരിയുടെ മകന്‍ ബിനോയിയുടെ നേരെയുള്ള ലൈംഗിക പീഡന പരാതി വ്യക്തിപരമായ പരാതിയാണെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നു. എന്നാല്‍ യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് മുംബൈ പൊലീസ് കണ്ടെത്തുകയും, ബിനോയിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളുമായി മുന്നോട്ടുപോകുന്നതോടെ, സംസ്ഥാന നേതൃത്വം പ്രതിരോധത്തിലാണ്.

സിഒടി നസീറിനെതിരെയുള്ള വധശ്രമക്കേസില്‍ സിപിഎം നിയോഗിച്ച ടിവി രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടും സംസ്ഥാന നേതൃയോഗത്തിന്റെ പരിഗണനയ്ക്ക് വന്നേക്കും. തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറാണെന്നാണ് നസീര്‍ മൊഴി നല്‍കിയത്. കേസില്‍ ഷംസീറിനെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ലെന്ന ആരോപണവും ഒരുവശത്തുണ്ട്.