ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ; ഉദ്യോഗസ്ഥരെ മന്ത്രി ഓഫീസില്‍ നിന്നും ഇറക്കിവിട്ടു; മൂന്ന് പേര്‍ക്ക് സസ്പെന്‍ഷന്‍

single-img
20 June 2019

കണ്ണൂര്‍ ജില്ലയിലെ ആന്തൂരില്‍ നഗരസഭാ പരിധിയില്‍ ഓഡിറ്റോറിയത്തിന് അനുമതി നല്‍കുന്നതില്‍ അനാവശ്യ കാലതാമസമുണ്ടായതില്‍ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ആന്തൂര്‍ നഗരസഭാ സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തതായി സിപിഎം അറിയിച്ചു.

മന്ത്രിയുടെ ഓഫീസില്‍ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയ നഗരസഭാ ഉദ്യോഗസ്ഥരോട് തദ്ദേശ സ്വയംഭരണ മന്ത്രി എ സി മൊയ്ദീന്‍ ക്ഷോഭിച്ചാണ് പ്രതികരിച്ചത്. നിങ്ങള്‍ക്ക് ആര് മരിച്ചാലും ശമ്പളം കിട്ടുമല്ലോയെന്ന് പറഞ്ഞ മന്ത്രി ഉദ്യോഗസ്ഥരെ മുറിയില്‍ നിന്നും ഇറക്കി വിടുകയും ചെയ്തു.

എന്നാല്‍ തങ്ങള്‍ അനുമതിക്ക് കാലതാമസം വരുത്തിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ മന്ത്രിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത്. നിലവില്‍ ഉണ്ടായിരുന്ന പ്ലാനില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ പ്രവാസിയായ സാജന്‍ പാറയിലിന് കെട്ടിട നിര്‍മ്മാണ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് എന്‍ജിനിയര്‍ ഫയലില്‍ എഴുതിയത്. അനുമതിക്കായി പതിനഞ്ച് തടസങ്ങളാണ് സെക്രട്ടറി എഴുതിയത്. അനുമതി നിഷേധിക്കാന്‍ ഇത് മനപൂര്‍വം ചെയ്തതാണെന്നാണ് മന്ത്രിയുടെ വിലയിരുത്തല്‍.