കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: ഡ്രൈവര്‍ പിടിയില്‍; ബസ് പിടിച്ചെടുത്തു

single-img
20 June 2019

കല്ലട ട്രാവല്‍സിനെതിരെ പുതിയ ആരോപണം. ബസില്‍ യാത്ര ചെയ്യുകയായിരുന്ന തമിഴ് യുവതിയെ ബസിന്റെ രണ്ടാം ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബസിന്റെ രണ്ടാം ഡ്രൈവര്‍ കോട്ടയം സ്വദേശി ജോണ്‍സണ്‍ ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം തേഞ്ഞിപ്പലത്ത് വച്ചാണ് ബസിനൊപ്പം ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന സ്ലീപ്പര്‍ ബസില്‍ വച്ചാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വയ്ക്കുകയായിരുന്നു. ബസ് കോഴിക്കോട് വിട്ടപ്പോള്‍ മുതല്‍ തന്നെ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് രാമനാട്ടുകര എത്തിയപ്പോള്‍ യാത്ര തുടരാന്‍ കഴിയില്ലെന്നും ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടണമെന്നും പറഞ്ഞ് യാത്രക്കാര്‍ ബഹളം വച്ചു. തുടര്‍ന്നാണ് ബസ് അടുത്തുള്ള തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചത്.

കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം കഴിഞ്ഞു മാസങ്ങള്‍ക്കു ശേഷമാണ് യുവതിക്ക് നേരെ ജീവനക്കാരനില്‍ നിന്നും പീഡന ശ്രമം ഉണ്ടായിരിക്കുന്നത്.