പാഞ്ചാലിമേട്ടില്‍ ശശികല ടീച്ചറെ പൊലീസ് തടഞ്ഞു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

single-img
19 June 2019


ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ ഇടുക്കി പാഞ്ചാലിമേട്ടില്‍ അനധികൃതമായി കുരിശുകള്‍ സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായെത്തിയ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പീരുമേട് ആര്‍ഡിഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവര്‍ത്തകരെ തടഞ്ഞത്. ഇതിന് പിന്നാലെ സംഘം നാമജപ പ്രതിഷേധം തുടങ്ങി. ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമായ പാഞ്ചാലിമേട് കയ്യേറിയാണ് കുരിശ് സ്ഥാപിച്ചതെന്നാണ് ഹൈന്ദവസംഘടനകളുടെ ആരോപണം.

അതേസമയം അമ്പലത്തോളം പഴക്കമുണ്ട് കുരിശുമല കയറ്റത്തിനെന്നാണ് കണയങ്കവയല്‍ ചര്‍ച്ച് പറയുന്നത്. കുരിശുകളും അമ്പലവും റവന്യൂഭൂമിയിലെങ്കിലും വിശ്വാസത്തിന്റെ കാര്യമായതിനാല്‍ തിടുക്കപ്പെട്ട് നടപടിയെടുക്കാനാവില്ലെന്ന പ്രതിസന്ധിയിലാണ് ജില്ലാ ഭരണകൂടം.

കളക്ടറുടെ സമവായനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കണയങ്കവയല്‍ സെന്റ് മേരീസ് ചര്‍ച്ച് ഇക്കഴിഞ്ഞ ദുഖവെള്ളിക്ക് സ്ഥാപിച്ച മരക്കുരിശുകള്‍ നീക്കം ചെയ്തത്. അതേസമയം ആദ്യകാലം തൊട്ടുള്ള 14 സിമന്റ് കുരിശുകള്‍ അങ്ങനെ തുടരും.

വിശ്വാസികളുടെ കൂടെ വിഷയമായതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നുതന്നെ നടപടി വേണമെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടമുള്ളത്. ഇതിനിടെ പാഞ്ചാലിമേട്ടിലെ ടൂറിസത്തെ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപിച്ച് ഡിറ്റിപിസി രംഗത്തെത്തി. കരുതികൂട്ടി ചിലര്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് അമ്പലക്കമ്മറ്റിയും പള്ളിഭാരവാഹികളും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.