ജേക്കബ് തോമസിന്റെ ആത്മകഥ പ്രസിദ്ധീകരിച്ചതിന് തൃശൂര്‍ കറന്റ് ബുക്സിനെതിരെ പോലീസ് നടപടി

single-img
19 June 2019

സംസ്ഥാന മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ് എഴുതിയ ആത്മകഥയായ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ പ്രസിദ്ധീകരിച്ച തൃശൂര്‍ കറന്റ് ബുക്സിനെതിരെ പോലീസ് നടപടി. പോലീസ് സ്ഥാപനത്തിന്റെ ഓഫീസില്‍ പരിശോധന നടത്തുകയും ജീവനക്കാരുടെ മൊഴിയെടുക്കുകയും ചെയ്‌തെന്നും രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു എന്നും കറന്റ് ബുക്‌സ് എംഡി പെപ്പിന്‍ തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആത്മകഥയുടെ മാറ്റര്‍ കംപോസ് ചെയ്തവരുടേയും പ്രൂഫ് വായിച്ചവരുടേയും എഡിറ്ററുടേയും സ്റ്റേറ്റ്‌മെന്റുകള്‍ പോലീസ് എടുക്കുകയും ഓഫീസിലെ കമ്പ്യൂട്ടര്‍ പരിശോധിക്കുകയും ചെയ്തു. സിആര്‍പിസി 91 പ്രകാരം ജേക്കബ്ബ് തോമസുമായി കറന്റ് ബുക്‌സ് നടത്തിയ എല്ലാ ആശയവിനിമയ രേഖകളും ഹാജരാക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്തു.

നിലവില്‍ ഈ പുസ്തകത്തിന്റെ ആറ് എഡിഷനുകള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞതാണ്. ആദ്യ പുസ്തകത്തിന്റെ പ്രകാശനത്തിന് മുഖ്യമന്ത്രി എത്താമെന്ന് സമ്മതിച്ച് ചടങ്ങ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുകയും അവസാന നിമിഷം പിന്മാറുകയുമുണ്ടായിരുന്നു. സംസ്ഥാന മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും പ്രകാശനത്തിന് മുന്‍പ് പുസ്തകത്തിന്റെ കോപ്പി നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതോ കലാപത്തിന് വഴിവെക്കുന്നതോ ആയ യാതൊന്നും പുസ്തകത്തില്‍ ഇല്ലെന്നിരിക്കെ പുസ്തക പ്രസാധകര്‍ക്കെതിരെ പോലീസ് നടത്തിയ നടപടി പ്രസാധക രംഗത്തെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍മേലുള്ള കൈകടത്തലാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത എഴുത്തുകാരി സാറാ ജോസഫ് പറഞ്ഞു. ഏതെങ്കിലും പുസ്തകം സര്‍വീസ് ചട്ടലംഘനത്തില്‍പെട്ടുന്ന കാര്യമാണോയെന്ന് പരിശോധിക്കേണ്ടത് പ്രസാധകരല്ല. എഴുത്തുകാരനും സര്‍ക്കാര്‍ വകുപ്പുകളും തമ്മിലുള്ള സാങ്കേതിക കാര്യങ്ങള്‍ മാത്രമാണത്. അതിനാല്‍ പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പ്രസാധക സ്ഥാപനത്തിന് നേരേയുണ്ടാകുന്ന നടപടികള്‍ അപലപനീയമാണെന്ന് ഡോ. കെ അരവിന്ദാക്ഷനും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.