‘ഇപ്പൊ ഒരു ബി.ജെ.പിക്കാരനേയും കാണാനില്ല, അവരുടെ ആവശ്യം കഴിഞ്ഞു’: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

single-img
19 June 2019

ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ ബില്‍ കൊണ്ട് വരുന്നതാണ് ഉചിതമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കാര്യം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എല്ലാ സ്വകാര്യ ബില്ലുകള്‍ക്കും ഉണ്ടാകുന്ന അനുഭവം ഈ ബില്ലിനും ഉണ്ടാകാനാണ് സാധ്യതയെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Support Evartha to Save Independent journalism

ശബരിമലയെ കൊണ്ടുള്ള ബി.ജെ.പിയുടെ ആവശ്യം കഴിഞ്ഞുവെന്നും ശബരിമലയ്ക്ക് വേണ്ടി ഇപ്പോള്‍ ഒരു ബി.ജെ.പിക്കാരനും രംഗത്തിറങ്ങുന്നത് കാണുന്നില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പരിഹസിച്ചു. ബി.ജെ.പി രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യം വച്ച് വിശ്വാസ സമൂഹത്തെ മുതലെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല യുവതീ പ്രവേശനത്തിനെതിരെ ബില്‍ അവതരിപ്പിക്കാന്‍ ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയിരുന്നു. ബില്‍ വെള്ളിയാഴ്ചയാണ് ലോക്‌സഭയില്‍ അവതരിപ്പിക്കുക.

പതിനേഴാം ലോക്‌സഭയിലെ ആദ്യ സ്വകാര്യ ബില്ലാകുമിത്. ശബരിമല ശ്രീധര്‍മ്മക്ഷേത്ര ബില്‍ എന്ന പേരിലാണ് നോട്ടീസ് നല്‍കിയത്. ശബരിമലയില്‍ നിലവിലെ ആചാരങ്ങള്‍ തുടരണം എന്നാണ് ബില്ലില്‍ എന്‍ കെ പ്രേമചന്ദ്രന്‍ നിര്‍ദ്ദേശിക്കുന്നത്.

സാധാരണ സ്വകാര്യ ബില്ലുകള്‍ സഭയില്‍ പാസാകാറില്ല. ആചാരങ്ങളുടെ സംരക്ഷണത്തിന് നിയമം ആലോചിക്കും എന്ന് ബിജെപി വാഗ്ദാനം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്രം ഈ സ്വകാര്യ ബില്ലിനോട് എന്ത് സമീപനം സ്വീകരിക്കും എന്നത് പ്രധാനമാകും.

എന്‍.കെ പ്രേമചന്ദ്രന്‍ ശബരിമല രാഷ്ട്രീയത്തിന്റെ ഭാഗമായി നിന്നയാളാണെന്നും അദ്ദേഹത്തിന് നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നും മന്ത്രി ആരോപിച്ചു. ബി.ജെ.പിയുടെ യഥാര്‍ത്ഥ നയം എല്ലാവര്‍ക്കും അറിയാമെന്നും വര്‍ഗീയ വിഷം ചുരത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചുണ്ടെന്നും കടകംപള്ളി പറഞ്ഞു.