സൗമ്യയുടെ കൊലപാതകം; പ്രതി അജാസിനെ സര്‍വീസില്‍ നിന്നും സസ്‌പെൻഡ് ചെയ്തു; വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

single-img
18 June 2019

വനിതാപോലീസ് ഉദ്യോഗസ്ഥയായ സൗമ്യയെ മാവേലിക്കരയിൽ തീകൊളുത്തി കൊലചെയ്ത കേസിൽ പ്രതിയായ ആലുവ ട്രാഫിക് സ്റ്റേഷനിലെ പോലീസുകാരന്‍ അജാസിനെ സസ്‌പെൻഡ് ചെയ്തുകൊണ്ട് വകുപ്പുതല അന്വേഷണത്തിന് റൂറൽ എസ്പി കെ കാർത്തിക് ഉത്തരവിറക്കി. സൗമ്യയുടെ കൊലപാതകത്തില്‍ അജാസിനെതിരെ കൊലക്കുറ്റമടക്കമുള്ള ചാര്‍ജുകള്‍ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് സസ്പെൻഡ് ചെയ്തതായി ഉത്തരവിറക്കിയത്.

സംഭവശേഷം പിടിയിലായെങ്കിലും ശരീരത്തിൽ നാൽപ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണം വിഭാഗത്തിൽ നിലവില്‍ ചികിത്സയിലാണ്. തന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നൽകി.

വെട്ടി വീഴ്ത്തി തീ കൊളുത്തിയ ശേഷം സൗമ്യയെ കയറിപിടിക്കുകയായിരുന്നു താനെന്നും അജാസ് വ്യക്തമാക്കി. വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനെ സഹപ്രവർത്തകനായ അജാസ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റ സൗമ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.