‘ശുഭരാത്രി’യില്‍ സൈനബയായി തെസ്‌നി ഖാന്‍

single-img
18 June 2019

ദിലീപിനെ നായകനാക്കി വ്യാസന്‍ കെ.പി. സംവിധാനം ചെയ്യുന്ന ‘ശുഭരാത്രി’യിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. തെസ്‌നി ഖാന്റെയും, ജയന്‍ ചേര്‍ത്തലയുടെയും, അശോകന്റെയും കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. സൈനബയായാണ് തെസ്‌നി ഖാന്‍ എത്തുന്നത്. എസ്.ഐ അശോക് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് അശോകന്.

അനു സിതാരയാണ് ദിലീപിന്റെ നായികയായെത്തുന്നത്. അബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധായകന്റേത് തന്നെയാണ്. ഛായാഗ്രഹണം ആല്‍ബി. സംഗീതം ബിജിബാല്‍. എഡിറ്റിംഗ് കെ എച്ച് ഹര്‍ഷന്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, നെടുമുടി വേണു, ഇന്ദ്രന്‍സ്, സായ്കുമാര്‍, നാദിര്‍ഷ, ഹരീഷ് പേരടി, വിജയ് ബാബു, ശാന്തി കൃഷ്ണ, ആശ ശരത്ത്, ഷീലു അബ്രഹാം, കെപിഎസി ലളിത, സ്വാസിക എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ഹിറ്റ് ചിത്രത്തിനുശേഷം ദിലീപ് സിദ്ദിഖ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ശുഭരാത്രി.’ ഏറെ നിരൂപക പ്രശംസനേടിയ അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിനുശേഷം വ്യാസന്‍ കെ.പി (വ്യാസന്‍ എടവനക്കാട്) രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദമ്പതികളായാണ് ദിലീപും അനുവും എത്തുന്നത്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ലൈലത്തുല്‍ ഖദര്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ടീസറുകളും സോങ്ങും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായിരുന്നു.