കോടികള്‍ മുടക്കി നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് നഗരസഭ അനുമതി നിഷേധിച്ചു; കണ്ണൂരില്‍ പ്രവാസി വ്യവസായി ജീവനൊടുക്കി

single-img
18 June 2019

കോടികള്‍ മുടക്കി നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് നഗരസഭ പ്രവര്‍ത്തനാനുമതി വൈകിച്ചതില്‍ മനംനൊന്ത് കണ്ണൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തു. കണ്ണൂര്‍ ബക്കളം നെല്ലിയോട്ടെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ കൊറ്റാളി അരയമ്പത്തെ പാറയില്‍ സാജനാണ് (49) വീട്ടില്‍ തൂങ്ങി മരിച്ചത്.

ബക്കളം നെല്ലിയോട്ട് നിര്‍മിച്ച ഓഡിറ്റോറിയത്തിന്റെ പണി പൂര്‍ത്തീകരിച്ചതിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റും ബില്‍ഡിങ്ങ് നമ്പറും നഗരസഭ നിഷേധിച്ചതിനെ തുടര്‍ന്ന് സാജന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും ഇതില്‍ മനംനൊന്താണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ പറഞ്ഞു.

നൈജീരിയയില്‍ വര്‍ഷങ്ങളായി ജോലി ചെയ്ത് സമ്പാദിച്ച പണം മുഴുവന്‍ സാജന്‍ കണ്‍വെന്‍ഷന്‍ സെന്ററിനായി മുടക്കിയിരുന്നു. 15 കോടി രൂപയോളം ചെലവഴിച്ചതായാണ് കണക്ക്. നിര്‍മ്മാണം പൂര്‍ത്തിയായി കെട്ടിട നമ്പറിന് അപേക്ഷ നല്‍കിയപ്പോള്‍ ചെറിയ കാരണങ്ങള്‍ പറഞ്ഞ് നഗരസഭ നിരന്തരം അപേക്ഷ മടക്കിയെന്ന് പാര്‍ത്ഥ ബില്‍ഡേഴ്‌സ് മാനേജര്‍ ആരോപിച്ചു.

നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെ നിയമലംഘനം ഉണ്ടെന്ന് പറഞ്ഞ് നഗരസഭ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സജന്‍ നല്‍കിയ പരാതിയില്‍ ഉന്നതല സംഘം അന്വേഷണം നടത്തി നിയമലംഘനമില്ലെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥരുടെ ഭാഗത്തെ അലംഭാവം നഗരസഭ ചെയര്‍പേഴ്‌സനോട് പറഞ്ഞെങ്കിലും കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നും പാര്‍ത്ഥ ബില്‍ഡേഴ്‌സ് മാനേജര്‍ സജീവന്‍ ആരോപിച്ചു.

എന്നാല്‍ സ്വാഭാവിക നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സമയം എടുത്തു. അനുമതി വൈകിച്ചില്ല എന്നാണ് നഗരസഭയുടെ വിശദീകരണം. അതേസമയം പലതവണ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിനായി ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍, സെക്രട്ടറി, നഗരസഭാ എഞ്ചിനീയര്‍ എന്നിവരെ സമീപിച്ചുവെങ്കിലും നിസാര കാരണങ്ങള്‍കാട്ടി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറായില്ലെന്നും ഇവര്‍ അടങ്ങുന്ന കോക്കസാണ് നഗരസഭ ഭരിക്കുന്നതെന്നും ബന്ധുക്കളും ജീവനക്കാരും ആരോപിച്ചു.

സജന് ഭാര്യയും രണ്ട് മക്കളുമുണ്ട്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.