രാഹുല്‍ ഉറച്ചുനിന്നു; അധിര്‍ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസിന്റെ ലോക്‌സഭ കക്ഷി നേതാവ്

single-img
18 June 2019

അധിര്‍ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവാകും. രാഹുല്‍ ഗാന്ധി പദവി ഏറ്റെടുക്കാത്തതിനാലാണ് സോണിയയുടെ തീരുമാനം. ബംഗാളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഏക കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് 63കാരനായ അധിര്‍ രഞ്ജന്‍ ചൗധരി.

മുര്‍ഷിദാബാദ് ജില്ലയിലെ ബഹറാംപൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്നാണ് അധിര്‍ രഞ്ജന്‍ ചൗധരി വിജയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അപൂര്‍ബ്ബ സര്‍ക്കാരിനെ 78000 വോട്ടുകള്‍ക്കാണ് ചൗധരി പരാജയപ്പെടുത്തിയത്. ബംഗാള്‍ പി.സി.സി മുന്‍ അധ്യക്ഷന്‍ കൂടിയാണ് അദ്ദേഹം.

രാവിലെ നടന്ന കോണ്‍ഗ്രസ് പാര്‍ട്ടി യോഗത്തില്‍ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയാണ് ചൗധരിയുടെ പേര് നിര്‍ദേശിച്ചത്. ആദിര്‍ രഞ്ജന് പുറമെ കൊടിക്കുന്നില്‍ സുരേഷ്, മനീഷ് തിവാരി, ശശി തരൂര്‍ എന്നീ പേരുകളും പരിഗണനയിലുണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ നയിച്ചത് മല്ലികാര്‍ജുന ഖാര്‍ഗെയായിരുന്നു. എന്നാല്‍ ഇത്തവണ അദ്ദേഹം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.