പ്രിയങ്ക ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായി എത്തുന്നത് ജെഎന്‍യുവിലെ ഐസയുടെ തീപ്പൊരി നേതാവും വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവുമായിരുന്ന ഇടതുപക്ഷക്കാരന്‍

single-img
17 June 2019

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പുതിയ പേഴ്‌സണല്‍ സെക്രട്ടറിയായി എത്തുന്നത് ജെഎന്‍യുവിലെ ഐസയുടെ തീപ്പൊരി നേതാവും വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവുമായിരുന്ന ഇടതുപക്ഷക്കാരന്‍. നിലവിലെ പേഴ്‌സണ്‍ സെക്രട്ടറിയായിരുന്ന നീരജ് ശ്രീവാസ്തവയെ മാറ്റിയാണ് പുതിയ നിയമനം. ജെഎന്‍യുവിലെ പഴയ ഇടതുപക്ഷ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായിരുന്ന സന്ദീപ് സിങ് നിലവില്‍ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും രാഷ്ട്രീയ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയായിരുന്നു.

Doante to evartha to support Independent journalism

യുപിയിലെ പ്രതാപ്ഗഡിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച സന്ദീപ് അലഹബാദിലെ ബിരുദപഠനത്തിന് ശേഷമാണ് ജെഎന്‍യുവിലെത്തുന്നത്. അവിടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ഐസയോടായിരുന്നു സന്ദീപിന് താല്‍പര്യം.ഐസയിൽ ചേർന്ന സന്ദീപ് തന്റെ വിട്ടുകൊടുക്കാത്ത സ്വഭാവവും വാക്ചാതുര്യവും തീപ്പൊരി പ്രസംഗവും കൈമുതലാക്കി 2007ല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.

2005 കാലഘട്ടത്തിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍ സിങ് ജെഎന്‍യു സന്ദര്‍ശിക്കവെ പ്രധാനമന്ത്രിയുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കരിങ്കൊടി കാണിച്ച കേസിലെ പ്രതിയായിരുന്നു സന്ദീപ് സിങെന്ന വിദ്യാര്‍ത്ഥി നേതാവ്. കലാലയ പഠന ശേഷം ഇടത് രാഷ്ട്രീയത്തില്‍നിന്നും പിന്‍വാങ്ങിയ സന്ദീപ് അണ്ണാ ഹസാരെയ്ക്കും അരവിന്ദ് കെജ്രിവാളിനുമൊപ്പം ലോക്പാല്‍ പ്രക്ഷോഭങ്ങളുടെ ഭാഗമായി മാറി.

ഇവിടെനിന്നും അകന്ന് കോണ്‍ഗ്രസിലേക്ക് വന്നു. പാര്‍ട്ടിയുടെ അധ്യക്ഷന് പ്രസംഗം എഴുതിക്കൊടുത്ത് കോണ്‍ഗ്രസില്‍ ഹരിശ്രീ കുറിച്ച സന്ദീപ് വളരെപെട്ടന്നുതന്നെ പാര്‍ട്ടിയുടെ നയതന്ത്രജ്ഞനോളം വളര്‍ന്നു.
കോൺഗ്രസ് പാര്‍ട്ടിയുടെ നിര്‍ണായക ഘട്ടങ്ങളില്‍ നയം രൂപീകരിക്കാന്‍പോന്ന രാഷ്ട്രീയ ഉപദേശകനായി.