കൊടിക്കുന്നില്‍ സുരേഷിന്റെ സത്യപ്രതിജ്ഞ കേട്ട് കയ്യടിച്ച് ബിജെപി; അടുത്തേക്ക് വളിച്ച് ശാസിച്ച് സോണിയ ഗാന്ധി

single-img
17 June 2019

ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെല്ലാം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുക്കുകയാണ്. എന്നാല്‍ ലോക്‌സഭയെ ഒന്നടങ്കം അമ്പരപ്പിക്കുന്നതായിരുന്നു കേരളത്തില്‍ നിന്നുള്ള എം പി കൊടിക്കുന്നില്‍ സുരേഷിന്റെ സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്നാലെ രണ്ടാമനായാണ് കൊടിക്കുന്നില്‍ സത്യപ്രതിജ്ഞയ്‌ക്കെത്തിയത്.

മലയാളത്തിലോ, ഇംഗ്ലിഷിലോ ഉള്ള സത്യപ്രതിജ്ഞയാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഹിന്ദിയിലായിരുന്നു കൊടിക്കുന്നില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ ബിജെപി ബെഞ്ചില്‍നിന്ന് വലിയ കരഘോഷം ഉയരുകയും ചെയ്തു. തുടര്‍ന്ന് സോണിയ ഗാന്ധി കൊടിക്കുന്നിലിനെ വിളിച്ചുവരുത്തി ശാസിക്കുകയായിരുന്നു.

നിങ്ങള്‍ക്ക് നിങ്ങളുടേതായ ഭാഷയില്ലേയെന്നും അതില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതാണ് നല്ലതെന്നും സോണിയ പറഞ്ഞു. ഇംഗ്ലീഷിലോ നിങ്ങളുടെ പ്രാദേശിക ഭാഷയിലോ വേണം സത്യവാചകം ചൊല്ലാനെന്ന് സോണിയ കൃത്യമായി പറഞ്ഞു. ഇതോടെ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്യാനിരുന്ന പലരും ഇംഗ്ലീഷ് പരിഭാഷ തേടിയുള്ള നെട്ടോട്ടത്തിലായിരുന്നു.

കേരളത്തിലെ എംപിമാരുടെ സത്യപ്രതിജ്ഞ ആയില്ലെങ്കിലും ഇന്ന് സഭ നിയന്ത്രിക്കേണ്ടവരുടെ പാനലില്‍ ഉള്‍പ്പെട്ട കൊടിക്കുന്നില്‍ സുരേഷ് ആദ്യം തന്നെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഈയവസരത്തിലാണ് ഹിന്ദിയില്‍ അദ്ദേഹം സത്യവാചകം ഏറ്റുപറഞ്ഞത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേരളത്തില്‍ നിന്നുള്ള എം പിയുടെ ഹിന്ദിയിലെ സത്യപ്രതിജ്ഞയെന്നത് ശ്രദ്ധേയമാണ്.