ബാലഭാസ്ക്കറിന്റെ മരണം സാധാരണ മരണമല്ലെന്ന് കണ്ടാല്‍ അറിയാം, ബാലു മരിച്ചപ്പോള്‍ അവരുടെ മുഖത്ത് ദുഃഖം കണ്ടില്ല: അമ്മാവന്‍ ശശികുമാര്‍

single-img
17 June 2019

സംഗീതജ്ഞൻ ബാലഭാസ്‌കര്‍ മരിച്ചിട്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ പല ദുരൂഹതകളും ബാക്കിയാവുകയാണ്. സാധാരണമായ അപകടമരണമെന്ന് പറഞ്ഞുതുടങ്ങിയ കേസ് ഇപ്പോള്‍ എങ്ങോട്ടോ എത്തി നില്‍ക്കുന്നു. ബാലഭാസ്കറിന് സംഭവിച്ചത് ഒരു സാധാരണ അപകടമല്ലെന്ന് കണ്ടാല്‍ അറിയാമെന്നാണ് ബാലഭാസ്‌കറിന്റെ അമ്മാവന്‍ ശശികുമാര്‍ പറയുന്നത്.

ബാലഭാസ്കർ മരിക്കുന്നതിനു മുന്‍പ് എപ്പോഴും ബന്ധം പുലര്‍ത്തിയിരുന്ന പ്രകാശന്‍ തമ്പി അടക്കമുള്ളവര്‍ മരണശേഷം ഒന്നും അന്വേഷിച്ചിട്ടില്ല. അപകടത്തിൽ ബാലു മരിച്ചപ്പോള്‍ ഒരു ദുഃഖവും അവരുടെ മുഖങ്ങളില്‍ കണ്ടില്ല. അതിന് പുറമേ പലയിടങ്ങളില്‍ നിന്നും ഞങ്ങളെ മനഃപൂര്‍വം ഒഴിവാക്കുകയും ചെയ്‌തെന്ന് ബി ശശികുമാര്‍ പറഞ്ഞു.

തിരുവനന്തപുരം വിമാന താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിനു പിടിയിലായതോടെ പ്രകാശന്‍ തമ്പിയാണ് സംശയങ്ങളുടെയെല്ലാം കേന്ദ്രം. പ്രകാശൻ തമ്പിയാണ് വീട്ടുകാര്‍ പോലും അറിയും മുന്‍പ് അപകടം അറിഞ്ഞയാള്‍, ആദ്യം ആശുപത്രിയിലെത്തിയതും ചികിത്സകള്‍ക്ക് നേതൃത്വം നല്‍കിയതും തമ്പി തന്നെ. അതോടൊപ്പം അപകടത്തിന് മുന്‍പ് ബാലഭാസ്‌കര്‍ അവസാനമായി വിശ്രമിച്ച ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ തമ്പി ശേഖരിച്ചിരുന്നു.

അപകടത്തിന്റെ തെളിവ് നശിപ്പിക്കലെന്ന കുറ്റമാണ് ഇവിടെ ഉയരുന്നത്. ഇത് എന്തിനായിരുന്നു എന്ന ചോദ്യം ഉയരുമ്പോഴാണ് തമ്പി ദൃശ്യങ്ങള്‍ ശേഖരിച്ചൂവെന്ന് ക്രൈംബ്രാഞ്ചിനോട് സമ്മതിച്ച കടയുടമ മാധ്യമങ്ങളോട് കള്ളം പറഞ്ഞത്. പോലീസ് തെളിവുകള്‍ നിരത്തി ചോദിച്ചപ്പോള്‍ ദൃശ്യങ്ങള്‍ ശേഖരിച്ചെന്ന് തമ്പിക്ക് സമ്മതിക്കേണ്ടിവന്നു. അതോടെ തമ്പിയുടെ സ്വാധീനത്തിലോ ഭീഷണിയിലോ ആണോ കടയുടമ മൊഴിമാറ്റമെന്ന ചോദ്യവും ഉയരുന്നു.