സര്‍ക്കാരിന് തിരിച്ചടി: ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു

single-img
17 June 2019

ഹയര്‍സെക്കന്‍ഡറി ഏകീകരണം ശിപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടുമാസത്തേക്കാണ് സ്റ്റേ ചെയ്തുകൊണ്ടുള്ള കോടതിയുടെ നടപടി.

ദേശീയ വിദ്യാഭ്യാസ നയം ഉള്‍പ്പടെയുള്ളവ വരുന്ന സാഹചര്യത്തില്‍ അതിനനുസരിച്ചുള്ള നയപ്രകാരമാണോ ഈ മാറ്റം എന്ന കോടതിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകന് സാധിക്കാതിരുന്നതോടെയാണ് സ്റ്റേ അനുവദിച്ചത്.

വിദ്യാഭ്യാസ രംഗത്ത് ഘടനാപരമായി കാര്യമായ മാറ്റംവരുത്തുന്ന ഈ നീക്കത്തിനെതിരെ എന്‍എസ്എസും ഹയര്‍സെക്കന്‍ഡറി അധ്യാപക സംഘടനകളായ എച്ച്എസ്ടിഎ, കെഎച്ച്എസ്ടിയു, എച്ച്എസ്എസ്ടിഎ എന്നീ സംഘടനകളും നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ നല്‍കിയിരിക്കുന്നത്. ഈ വിഷയത്തില്‍ വിശദീകരണം ചോദിച്ച് സര്‍ക്കാരിനോട് കോടതി നോട്ടീസ് അയച്ചു.

ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെ ഒരു ഡയറക്ടറേറ്റിനു മുന്നില്‍ കൊണ്ടുവരുന്നതാണ് റിപ്പോര്‍ട്ട്. വിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ നിയോഗിക്കപ്പെട്ട ഖാദര്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൂടെ നിയമത്തിന് അതീതമായ ഘടനാമാറ്റമാണ് ശുപാര്‍ശ ചെയ്തത് എന്നാണ് അധ്യാപക സംഘനടകളുടെ ആരോപണം.

റിപ്പോര്‍ട്ട് നടപ്പാക്കുന്നത് അധ്യാപകരുടെ സ്ഥാനക്കയറ്റത്തെ ഉള്‍പ്പടെ ബാധിക്കും. അധ്യാപക സംഘടനകളെ വിശ്വാസത്തിലെടുത്ത് ചര്‍ച്ച നടത്താതെ സര്‍ക്കാര്‍ പദ്ധതി അടിച്ചേല്‍പിക്കുകയാണ്. റിപ്പോര്‍ട്ടില്‍ ഘടനാപരമായ മാറ്റത്തിലൂടെ ഗുണപരമായി എന്ത് മാറ്റം വരും എന്നത് വിശദീകരിക്കുന്നില്ലെന്നും അധ്യാപക സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.