തെലങ്കാന: മുറുക്കാൻ കടയിലെ റെയ്ഡിൽ പിടിച്ചെടുത്തത് 1400 കഞ്ചാവ് ചോക്കളേറ്റുകൾ

single-img
16 June 2019

ഹൈദരാബാദ്: തെലങ്കാനയിൽ മുറുക്കാൻ കടയിൽ നടത്തിയ റെയ്ഡിൽ എക്സൈസ് വകുപ്പ് പിടിച്ചെടുത്തത് 1400 കഞ്ചാവ് ചോക്കളേറ്റുകൾ. ഹൈദരാബാദിനടുത്തുള്ള മെഡ്ചൽ-മൽകാജഗിരി ജില്ലയിലാണ് സംഭവം. സെക്കന്ദരാബാദിന്റെയും ഹൈദരാബാദിന്റെയും ചില ഭാഗങ്ങൾ ഈ ജില്ലയുടെ അധികാര പരിധിയിലാണ് വരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായിട്ടുണ്ട്.

കഞ്ചാവും ചോക്കളേറ്റും ഒരുമിച്ചു ചേർത്ത മിശ്രിതം സാധാരണ ചോക്കളേറ്റ് കവറുകളിലാക്കിയാണ് വിൽപ്പന നടത്തിയിരുന്നതെന്ന് ബാലനഗർ എക്സൈസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജീവൻ കിരൺ മാധ്യമങ്ങളോട് പറഞ്ഞു.

ഈ കേസിലെ പ്രതികൾ ഇതിനുമുന്നേ സമാനമായ മറ്റൊരു കേസിൽ പിടിക്കപ്പെട്ടിട്ടുണ്ടെന്നും പുറത്തിറങ്ങിയ ശേഷം അവർ കണ്ടെത്തിയ പുതിയ ആശയമാണിതെന്നും ജീവൻ കിരൺ പറഞ്ഞതായി “ദി ന്യൂസ് മിനിട്ട്” റിപ്പോർട്ട് ചെയ്യുന്നു. പൊലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മുറുക്കാൻ കടയിൽ നടത്തിയ റെയിഡിൽ ഇതിലൊരാളുടെ കയ്യിൽ നിന്നും 40 വീതം ചോക്കളേറ്റുകൾ ഉള്ള കുറച്ച് കവറുകൾ പിടിച്ചെടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ താവളത്തിൽ നടത്തിയ റെയിഡിൽ 33 കവർ ചോക്കളേറ്റ് കൂടി കണ്ടെത്തുകയായിരുന്നു. മൊത്തം 1440 കഞ്ചാവ് ചോക്കളേറ്റുകൾ പിടിച്ചെടുത്തതായാണ് റിപ്പോർട്ട്.

അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. നഗരത്തിലെ പല മയക്കുമരുന്ന് കചവടക്കാരും ഇത്തരം പുതിയ രീതികളിലൂടെയാണ് തങ്ങളുടെ കച്ചവടം കൊഴുപ്പിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു.