കേരളാ കോണ്‍ഗ്രസ് നിലപാട് അറിഞ്ഞശേഷം മുന്നണി പ്രവേശന ചര്‍ച്ചകള്‍ നടക്കും: എ വിജയരാഘവൻ

single-img
16 June 2019

കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ്കെ മാണിയെ ബദല്‍ സംസ്ഥാന സമിതി യോഗം തെരഞ്ഞെടുത്ത പിന്നാലെ പ്രതികരണവുമായി ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവൻ. കേരളാ കോൺഗ്രസ് ഭാവിയില്‍ ഇടത് മുന്നണിക്ക് ഒപ്പം വരുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇപ്പോഴൊരു തീരുമാനം പറയാൻ കഴിയില്ലെന്ന് അദ്ദേഹം പറയുന്നു.

Support Evartha to Save Independent journalism

കേരളാ കോൺഗ്രസ് ആദ്യം അവരുടെ നിലപാടെടുക്കണം. മുന്നണി പ്രവേശന ചര്‍ച്ചകൾ പിന്നീട് നടക്കുമെന്നും എ വിജയരാഘവൻ പറഞ്ഞു. നിലവില്‍ യുഡിഎഫിൽ രാഷ്ട്രീയ പ്രതിസന്ധിയുണ്ട്. അക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനമായാലേ എൽ ഡി എഫിലേക്ക് വരുന്നതടക്കമുള്ള ആലോചനകളും ചർച്ചകളുമുണ്ടാകു എന്നും വിജയരാഘവൻ മലപ്പുറത്ത് പറഞ്ഞു.

നിലവിലെ പാര്‍ട്ടി ചെയര്‍മാനായ പിജെ ജോസഫിന്റെ അംഗീകാരമില്ലാതെ കോട്ടയത്ത് വിളിച്ചു ചേര്‍ത്ത സംസ്ഥാന സമിതിയോഗം ജോസ് കെ മാണിയെ ഐക്യകണ്‌ഠേന ചെയര്‍മാനായി തെരഞ്ഞെടുക്കുകയായിരുന്നു.
437 അംഗങ്ങളുള്ള സംസ്ഥാന സമിതിയില്‍ 325 പേരും പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്. മോന്‍സ് ജോസഫ്, സി എഫ് തോമസ് എന്നീ എംഎല്‍എമാര്‍ പിജെ ജോസഫിനൊപ്പമാണ്. അതേസമയം റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ് എന്നീ എംഎല്‍എമാര്‍ ജോസ് കെ മാണിക്കൊപ്പവും നിന്നു. മുതിര്‍ന്ന നേതാവ് സി എഫ് തോമസ് യോഗത്തില്‍ പങ്കെടുത്തില്ല.