70ല്‍ അധികം വനിതകളെ കൂട്ടബലാത്സംഗം ചെയ്‌തു; പ്രക്ഷോഭം അടിച്ചമർത്തുന്ന കാര്യത്തില്‍ ചില തെറ്റുകൾ പറ്റിയതായി സുഡാന്‍ സൈന്യത്തിന്റെ കുറ്റസമ്മതം

single-img
15 June 2019

കഴിഞ്ഞ കുറച്ചു മാസങ്ങളായി ആഭ്യന്തര കലാപം നടക്കുന്ന സുഡാനിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമെതിരെ വ്യാപകമായ ലൈംഗിക അതിക്രമം നടന്നെന്ന് റിപ്പോർട്ട്. സൈനിക ഭരണം മാറി ജനകീയ സർക്കാരിനു വേണ്ടി പ്രതിഷേധം തുടരുന്ന പ്രക്ഷോഭകരിൽപ്പെട്ട എഴുപതിലേറെ വനിതകളെ ഉൾപ്പെടെ പാരാമിലിട്ടറി അംഗങ്ങൾ ബലാത്സംഗം ചെയ്തു എന്നാണ് വെളിപ്പെടുത്തല്‍. സുഡാന്‍ തലസ്ഥാനമായ ഖാർത്തുമിലെ സൈനിക കേന്ദ്രത്തിനു മുന്നിൽ പ്രക്ഷോഭം തുടരുന്നതിനിടെ പ്രതിഷേധക്കാർക്കു നേരെ ജൂൺ മൂന്നിന് സൈന്യം അക്രമം അഴിച്ചുവിടുകയായിരുന്നു.

ഈ അക്രമ സംഭവത്തില്‍ നൂറിലേറെ പേർ കൊല്ലപ്പെട്ടതായും 700ലേറെ പേർക്ക് പരുക്കേറ്റതായും പ്രക്ഷോഭകരെ പിന്തുണയ്ക്കുന്ന ഡോക്ടര്‍മാരുടെ കൂട്ടായ്മ പറഞ്ഞു. അതേപോലെ മരിച്ചവരിൽ 19 പേർ കുട്ടികളാണെന്നും റിപ്പോർട്ടുണ്ട്. ജനങ്ങളുടെ പ്രക്ഷോഭം അടിച്ചമർത്താൻ ഉത്തരവ് നൽകിയതായും അക്കാര്യത്തിൽ ചില തെറ്റുകൾ പറ്റിയതായും സൈന്യം സമ്മതിച്ചിട്ടുണ്ട്.

ജനങ്ങള്‍ സൈനിക കേന്ദ്രത്തിനു നേരെ നടത്തിയ അതിക്രമം തടയാനെന്ന പേരിൽ നടത്തിയ തിരച്ചിലുകൾക്കിടെയായിരുന്നു സ്ത്രീകള്‍ക്കെതിരായ ബലാത്സംഗമെന്നും ഡോക്ടർമാർ പറഞ്ഞു.
പരിക്കേറ്റ പ്രക്ഷോഭകരെ ചികിത്സിച്ച ആശുപത്രി ജീവനക്കാർക്കു നേരെയും പീഡനമുണ്ടായി. ഇക്കൂട്ടത്തില്‍ മനുഷ്യാവകാശ പ്രവർത്തകരായ വനിതകളും പീഡനത്തിനിരയായെന്ന റിപ്പോർട്ട് ഐക്യരാഷ്ട്ര സംഘടയും (യുഎൻ) പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അതിന് പുറമേ യുഎൻ മനുഷ്യാവകാശ കൗണ്‍സിൽ സ്വതന്ത്രാന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ മാസം മൂന്നാം തിയതി നടന്ന ആക്രമണത്തിനും അതിനെ അടിച്ചമർത്താൻ നടത്തിയ ശ്രമങ്ങൾക്കും പിന്നാലെ ഒട്ടേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. അതില്‍ എഴുപതിലേറെ പേർ ലൈംഗിക പീഡനത്തിനിരയായതായാണ് ഡോക്ടർമാരുടെ കേന്ദ്ര കമ്മിറ്റി ശേഖരിച്ച റിപ്പോർട്ടിലുള്ളത്. ഈ വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഖാർത്തുമ പ്രദേശത്ത് മാത്രമാണ് ഈ സംഭവങ്ങളെല്ലാം നടന്നിരിക്കുന്നത്.

ഇവിടെ പ്രവര്‍ത്തിക്കുന്ന റോയൽ കെയർ എന്ന ആശുപത്രിയിൽ എട്ടു പേരാണ് പീഡനത്തെത്തുടർന്ന് ചികിത്സ തേടിയത്. അതില്‍ അഞ്ചു പേർ വനിതകളും മൂന്നു പേർ പുരുഷന്മാരുമാണ്. സൈന്യമായ ആർഎസ്എഫിലെ നാല് അംഗങ്ങൾ പീഡിപ്പിച്ച വനിത ഉൾപ്പെടെ രണ്ടു പേരെ ഖാർത്തുമിന് തെക്കുള്ള പേരു വെളിപ്പെടുത്താത്ത ആശുപത്രികളിലൊന്നിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേപോലെ പീഡനത്തിനിരയായ ഒട്ടേറെ പേർ സമൂഹമാധ്യമങ്ങളിലും അനുഭവം പങ്കുവയ്ക്കുന്നുണ്ട്.

സൈന്യത്തില്‍ നിന്നുള്ള പ്രതികാരനടപടി ഭയന്ന് പലരും വിവരം പുറത്തറിയിക്കുന്നില്ലെന്ന പ്രശ്നവുമുണ്ട്.
സാധാരണക്കാരായ ജനങ്ങള്‍ക്ക് നഗരത്തിലേക്കിറങ്ങാൻ പറ്റാത്ത വിധം സുരക്ഷാപ്രശ്നങ്ങളുണ്ട്.
വിവിധ ആശുപത്രികളിലെ സംവിധാനങ്ങളും പരിതാപകരമാണ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ വിശ്വസനീയമാണെന്ന് മനുഷ്യാവകാശ സംഘടനകളും സ്ഥിരീകരിക്കുന്നു.

വിഷയത്തെ കുറിച്ച് അന്വേഷിക്കാൻ യുഎൻ മനുഷ്യാവകാശ സംരക്ഷണ വിഭാഗം പ്രതിനിധികളെ ഉടൻ സുഡാനിലേക്ക് അയയ്ക്കണമെന്ന് പ്രത്യേക പ്രതിനിധി പ്രമീള പാറ്റെൻ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളെല്ലാം യുഎൻ വിശദമായി പരിശോധിക്കുകയാണെന്നും അവർ പറഞ്ഞു. രാജ്യത്തെ ആശയവിനിമയ സംവിധാനങ്ങളെല്ലാം ഭാഗികമായി സൈന്യം തടസ്സപ്പെടുത്തിയെങ്കിലും ഈ മാസം ആദ്യം മുതൽ മനുഷ്യാവകാശ ലംഘനത്തിന്റെ വിവരങ്ങൾ സുഡാനിൽ നിന്നു വരുന്നുണ്ടെന്നും പ്രമീള വ്യക്തമാക്കി. യുഎൻ അന്താരാഷ്‌ട്ര രക്ഷാസമിതിയോട് വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.