ഡോക്ടര്‍മാര്‍ ജോലി ബഹിഷ്‌ക്കരിച്ച് സമരം ചെയ്യുന്നതിനോട് യോജിപ്പില്ലെന്ന് ശൈലജ ടീച്ചര്‍; നമ്മുടെ ഡോക്ടര്‍മാര്‍ അങ്ങനെ ചെയ്യില്ലെന്നാണ് പ്രതീക്ഷ

single-img
15 June 2019

കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ഡോക്ടര്‍മാര്‍ ജോലി ബഹിഷ്‌കരിച്ച് സമരം ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ല. അത് ശരിയല്ല.

വേണമെങ്കില്‍ അവരുടെ അവകാശം പ്രകടിപ്പിക്കാന്‍ സൂചനാ പണിമുടക്ക് എല്ലാം ആവാം. അവരെല്ലാം മനുഷ്യജീവനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. ഡ്യൂട്ടി ബഹിഷ്‌കരിച്ച് അവര്‍ ഇറങ്ങി പോരുമ്പോള്‍ അപകടത്തിലാവുന്നത് മനുഷ്യജീവനാണെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

സേവനം തടസപ്പെടുത്തി പണിമുടക്കിലേക്കു പോവുന്നവരല്ല കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ എന്നതാണനുഭവം. കേരളത്തിലെ ഡോക്ടര്‍മാര്‍ അത്തരമൊരു പണിമുടക്കിലേക്കു പോവില്ലെന്നാണു കരുതുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.