‘എന്റെ കുഞ്ഞെന്ത് പിഴച്ചു ഡോക്ടര്‍മാരേ?’; ചികിത്സ കിട്ടാതെ മരിച്ച കുഞ്ഞിന്റെ ശരീരം ചേര്‍ത്ത് പിടിച്ച് അച്ഛന്റെ നിലവിളി: ഡോക്ടര്‍മാരുടെ സമരത്തിനിടെ നെഞ്ച് പൊട്ടുന്നൊരു ചിത്രം

single-img
15 June 2019

ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം മൂലം നോര്‍ത്ത് പര്‍ഗാനാസ് ജില്ലയിലെ അഗര്‍പാരയില്‍ ചികിത്സ കിട്ടാതെ നവജാത ശിശു മരിച്ചു. ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞിന് സമരത്തിന്റെ പേരില്‍ ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ചതാണ് മരണത്തിനിടയാക്കിയത്.

”എന്റെ വിധി. ചികിത്സ കിട്ടാതെയാണ് എന്റെ കുഞ്ഞ് മരിച്ചുപോയത്. സമരമായതിനാല്‍ ഞങ്ങള്‍ക്ക് ചികിത്സിക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു”, കുഞ്ഞിന്റെ അച്ഛന്‍ അഭിജിത് മല്ലിക് കരഞ്ഞുകൊണ്ട് പറയുന്നു. കുഞ്ഞ് ജനിച്ചത് ജൂണ്‍ 11നാണ്. ശ്വാസം മുട്ടലുണ്ടായിരുന്നു ജനിച്ചപ്പോള്‍ത്തന്നെ.

കുഞ്ഞിനെ കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പ്രാദേശിക ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പല ആശുപത്രികള്‍ കയറിയിറങ്ങി. അവരാരും കുഞ്ഞിനെ അഡ്മിറ്റ് ചെയ്യാന്‍ തയ്യാറായില്ല. സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പണമുണ്ടായിരുന്നില്ല.

പണമില്ലാതെ സ്വകാര്യ ആശുപത്രികളും അഡ്മിറ്റ് ചെയ്യില്ല. ഇന്നലെ രാവിലെയോടെ കുഞ്ഞ് മരിച്ചു. ആരോഗ്യവകുപ്പില്‍ പല തവണ വിളിച്ചെങ്കിലും അവരും സഹായിച്ചില്ലെന്ന് കുഞ്ഞിന്റെ അച്ഛന്‍ പറയുന്നു. കുഞ്ഞിന്റെ ചേതനയറ്റ ശരീരം ചേര്‍ത്തുപിടിച്ച് പൊട്ടിക്കരയുന്ന ഈ അച്ഛന്റെ ചിത്രം സോഷ്യല്‍ മീഡിയയുടെ കണ്ണ് നനയിക്കുകയാണ്.

ബംഗാളി പത്രമായ ആനന്ദ് ബസാര്‍ പത്രികയിലെ ഫോട്ടോഗ്രാഫര്‍ ദമയന്തി ദത്തയാണ് ട്വിറ്ററില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തത്. ”ഡോക്ടര്‍മാരെ രക്ഷിക്കൂ, ബംഗാളിനെ രക്ഷിക്കൂ, ചികിത്സ കിട്ടാതെ ഒരു അച്ഛന് തന്റെ കുട്ടിയെ നഷ്ടപ്പെട്ടിരിക്കുന്നു” ദമയന്തി ട്വീറ്റ് ചെയ്തു.

പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. കൊല്‍ക്കത്തയിലെ എന്‍.ആര്‍.എസ് മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍ക്ക് നേരെയാണ് മൂന്ന് ദിവസം മുന്‍പ് കയ്യേറ്റമുണ്ടായത്. രോഗി മരിച്ചതില്‍ പ്രകോപിതരായ ബന്ധുക്കള്‍ ഡോക്ടറെ ആക്രമിക്കുകയായിരുന്നു.

ഡോക്ടര്‍മാര്‍ ഉടന്‍ സമരം അവസാനിപ്പിച്ച് ജോലിക്ക് കയറണമെന്നാണ് മമത ബാനര്‍ജിയുടെ നിലപാട്. ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാതെ തിരികെ കയറില്ലെന്നും മമത ബാനര്‍ജി പ്രശ്‌നം പരിഹരിക്കാതെ ഭീഷണിപ്പെടുത്തുകയാണെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.

സമരം പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന നിലപാടെടുക്കുന്ന മമത, ഇത് ന്യൂനപക്ഷ വിരുദ്ധ സമരമെന്ന ആരോപണമുയര്‍ത്തിയാണ് നേരിടുന്നത്. രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിലെ ആശുപത്രികളിലും റസിഡന്റ് ഡോക്ടര്‍മാര്‍ ഐക്യദാര്‍ഢ്യമറിയിച്ച് ഒരു ദിവസം പണിമുടക്കി.

ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധനെ കണ്ട് നിവേദനം നല്‍കി. അഭിമാനപ്രശ്‌നമായി ഇതിനെ കണക്കാക്കരുതെന്നും ആരോഗ്യമേഖലയുടെ നല്ലത് കണക്കിലെടുത്ത് സമവായത്തിന് തയ്യാറാകണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബിജെപിയുമായി കൂട്ടുചേര്‍ന്ന് സംസ്ഥാനത്തെ ന്യൂനപക്ഷത്തെ ദ്രോഹിക്കാനാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നതെന്നായിരുന്നു മമതാ ബാനര്‍ജിയുടെ എതിര്‍വാദം.