നന്നാക്കാനെന്ന വ്യാജേന യുവാവ് പട്ടാപ്പകല്‍ എ.ടി.എം. പൊളിച്ചു; കണിച്ചുകുളങ്ങരയില്‍ നാട്ടുകാര്‍ കാഴ്ചക്കാരായി

single-img
15 June 2019

കണിച്ചുകുളങ്ങര ജങ്ഷന് സമീപം യുവാവ് പട്ടാപ്പകല്‍ എ.ടി.എം. പൊളിച്ചു. സംഭവത്തില്‍ താമരക്കുളം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് യുവാവെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരേ മോഷണശ്രമത്തിന് കേസ് എടുത്ത് കോടതിയില്‍ ഹാജരാക്കി.

വ്യാഴാഴ്ച രാവിലെ എ.ടി.എമ്മില്‍ പണമെടുക്കാന്‍ വന്നവരാണ് യുവാവ് ഉളിയും ചുറ്റികയുമായി എ.ടി.എം. പൊളിക്കുന്നത് കണ്ടത്. എ.ടി.എം. തകരാറിലാണെന്നും നന്നാക്കിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞ് പണം എടുക്കാന്‍ വന്നവരെ ഇയാള്‍ മടക്കി. പുലര്‍ച്ചേ രണ്ടുമണിക്ക് തുടങ്ങിയ ജോലിയാണെന്നാണ് ഇയാള്‍ പറഞ്ഞത്.

എന്നാല്‍ രാവിലെ ഒന്‍പതുമണിയോടെ കാഴ്ചക്കാരില്‍ ഒരാള്‍ സുഹൃത്തായ പോലീസുകാരനെ വിവരം അറിയിച്ചു. ഉടന്‍ തന്നെ മാരാരിക്കുളം പോലീസ് സ്ഥലത്ത് എത്തി. പോലീസിനെ കണ്ടിട്ടും ഗൗനിക്കാതെ യുവാവ് ജോലി തുടര്‍ന്നു. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ വലിയ പ്രശ്‌നമില്ലെന്നും തന്നെ സ്വന്തം ജാമ്യത്തില്‍ വിട്ടാല്‍ മതിയെന്നുമാണ് പറഞ്ഞത്. ബാങ്ക് അധികൃതര്‍ എത്തി പണം നഷ്ടപ്പെട്ടില്ലെന്ന് പോലീസിനെ അറിയിച്ചു. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.