ഉദ്ഘാടനം നടന്ന് ആറുമാസത്തിനുളളില്‍ ചരിത്രം സൃഷ്ടിച്ച് കണ്ണൂർ വിമാനത്താവളം; ഏപ്രിലും മെയിലും ഒരു ലക്ഷത്തിലധികം യാത്രക്കാര്‍

single-img
13 June 2019

ഉദ്ഘാടനം നടന്ന് ആറുമാസത്തിനുളളില്‍ തന്നെ കരിപ്പൂരിനെ പിന്തളളി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ ഇതിനോടകം തന്നെ കരിപ്പൂര്‍ വിമാനത്താവളത്തെ പിന്തളളിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളില്‍ പ്രതീക്ഷകളെ കവച്ചുവെയ്ക്കുന്നതാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ കുതിപ്പെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു.

2018 ഡിസംബറിലാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന മാസത്തില്‍ 31,269 പേരാണ് കണ്ണൂര്‍ വിമാനത്താവളം വഴി പറന്നത്. ഇതില്‍ 15,260 പേര്‍ രാജ്യാന്തര വിമാനയാത്രക്കാരാണ്. ജനുവരിയില്‍ യാത്രക്കാരുടെ എണ്ണം 51,119 ആയി ഉയര്‍ന്നു. 40 ശതമാനത്തിന്റെ വളര്‍ച്ചയാണ് കൈവരിച്ചത്. ഫെബ്രുവരിയില്‍ ഇത് 58, 353 ആയി ഉയര്‍ന്നു.

ഇക്കാലയളവില്‍ രാജ്യാന്തര വിമാനസര്‍വീസുകളുടെയും ആഭ്യന്തര സര്‍വീസുകളുടെയും എണ്ണത്തില്‍  വര്‍ധനയുണ്ടായി. ആഭ്യന്തര വിമാനസര്‍വീസ് 480 ആയിട്ടാണ് ഉയര്‍ന്നത്. രാജ്യത്തെ മറ്റു പുതിയ വിമാനത്താവളങ്ങളുടെ വളര്‍ച്ചയുമായി തട്ടിച്ചുനോക്കുമ്പോള്‍ കണ്ണൂരിന്റെ കുതിപ്പ് തിളക്കമാര്‍ന്നതാണെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

മാര്‍ച്ചില്‍ രാജ്യാന്തര വിമാനയാത്രക്കാരുടെ എണ്ണം 47,411 ആയി വര്‍ധിച്ചു. ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിലും ഇക്കാലയളവില്‍ വര്‍ധനയുണ്ടായി. 36,478 ആയിട്ടാണ് ഉയര്‍ന്നത്. ഏപ്രിലിലാണ് ഏറ്റവുമധികം യാത്രക്കാര്‍ വിമാനത്താവളത്തെ ആശ്രയിച്ചത്. 1,41, 426 യാത്രക്കാരാണ് ഇവിടെ നിന്ന് പറന്നത്.