‘ബാലുവിനൊപ്പം സഹോദരനെപ്പോലെ കൂടെ നിന്നതോ തെറ്റ്’; പ്രകാശ് തമ്പിയുടെ ചോദ്യം

single-img
12 June 2019

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയാണെന്നും ഇക്കാര്യത്തില്‍ തനിക്ക് ദുരൂഹത തോന്നിയിട്ടില്ലെന്നും സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്നയാളും ബാലുവിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററുമായ പ്രകാശ് തമ്പി. ബാലഭാസ്‌കറിന്റെ മരണത്തിന് സ്വര്‍ണക്കടത്തുമായി യാതൊരു തരത്തിലുമുള്ള ബന്ധമില്ല.

ഇപ്പോള്‍ ഉണ്ടാക്കുന്നത് അനാവശ്യ വിവാദമാണ്. ബാലഭാസ്‌കറിന് അപകടമുണ്ടായപ്പോള്‍ ഒരു സഹോദരനെപ്പോലെ ഞാന്‍ കൂടെ നിന്നു. അതാണോ ഞാന്‍ ചെയ്ത തെറ്റെന്നും പ്രകാശ് തമ്പി ചോദിച്ചു. അപകടമുണ്ടാകുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് തൃശൂര്‍ സ്വദേശിയായ അര്‍ജുന്‍ തന്നെയാണെന്നും പ്രകാശ് തമ്പി ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

തമ്പിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് പ്രതികരണം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി പ്രകാശ് തമ്പിയെ 14 ദിവസത്തേക്കു കൂടി റിമാന്‍ഡ് ചെയ്തു.

അതേസമയം ബാലഭാസ്‌കറിന്റെ മരണത്തിലെ ദൃക്‌സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈം ബ്രാഞ്ച് ആലോചിക്കുന്നുണ്ട്. സാക്ഷിമൊഴികളിലെ വൈരുദ്ധ്യം പരിഗണിച്ചാണ് ഈ നീക്കം. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും നന്ദു എന്ന ദൃക്‌സാക്ഷിയും പറയുന്നത് അര്‍ജുനാണ് അപകടസമയത്ത് വാഹനം ഓടിച്ചതെന്നാണ്.

എന്നാല്‍ മറ്റൊരു ദൃക്‌സാക്ഷിയായ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ അജി പറഞ്ഞത് വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ ആണെന്നായിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും രഹസ്യമൊഴി എടുക്കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.

ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടതിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കും. ഡി ആര്‍ ഐയില്‍നിന്ന് ക്രൈം ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിക്കും. സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ പ്രകാശ് തമ്പിയും വിഷ്ണുവും ബാലഭാസ്‌കറിന്റെ ട്രൂപ്പിലുണ്ടായിരുന്നത് പരിഗണിച്ചാണ് ക്രൈം ബ്രാഞ്ച് നീക്കം.

അതേസമയം, ബാലഭാസ്‌കറിന് അപകടമുണ്ടാകുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ തന്നെയാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. എന്നാല്‍ കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് കണ്ടെത്തിയ രക്തത്തുള്ളികളുടെയും മുടിയിഴകളുടെയും സ്റ്റിയറിംഗ് വീലിലെ വിരലയാളങ്ങളുടെയും ഫലം കൂടി പുറത്ത് വന്നിട്ട് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ മതിയെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍.

അന്വേഷണം നിര്‍ണായക വഴിത്തിരിവിലെത്തിനില്‍ക്കെ കേസിന്റെ ഫോറന്‍സിക് പരിശോധനാഫലം ഉടന്‍ ലഭ്യമാക്കണമെന്ന ക്രൈംബ്രാഞ്ച് അഭ്യര്‍ത്ഥന മാനിച്ച് രണ്ടാഴ്ചയ്ക്കകം പരിശോധനാ ഫലം നല്‍കാനുളള നടപടികള്‍ ഫോറന്‍സിക് ലാബിലും ആരംഭിച്ചിട്ടുണ്ട്.