‘പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകള്‍കൊണ്ട് നോക്കരുത്’; അമ്മയ്ക്ക് വിവാഹാശംസയുമായി മകന്റെ കുറിപ്പ്

single-img
12 June 2019

‘ഇന്ന് അമ്മയുടെ വിവാഹമായിരുന്നു. രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാന്‍ പറ്റാത്ത ആളുകള്‍ ഉള്ള കാലമാണ്. സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകള്‍കൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്. അങ്ങനെ നോക്കിയാല്‍ തന്നെ ഇവിടെ ആരും ചൂളിപ്പോകില്ല’ എസ്എഫ്‌ഐ കൊട്ടിയം ഏരിയാ സെക്രട്ടറി കൂടിയായ ഗോകുല്‍ ശ്രീധര്‍ സ്വന്തം അമ്മയ്ക്ക് വിവാഹാശംസ നേര്‍ന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.

നേരത്തത്തെ ദാമ്പത്യത്തില്‍ അമ്മ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അടികൊണ്ട് നെറ്റിയില്‍ നിന്നും ചോരയൊലിക്കുമ്പോള്‍ എന്തിനാണ് ഇങ്ങനെ സഹിക്കുന്നതെന്ന് ചോദിച്ചിട്ടുണ്ട്. തനിക്ക് വേണ്ടിയാണ് എന്നാണ് അമ്മ പറഞ്ഞതെന്നും ഗോകുല്‍ ഓര്‍ക്കുന്നു. അന്ന് അമ്മയുടെ കയ്യും പിടിച്ചിറങ്ങുമ്പോള്‍ തീരുമാനിച്ചതാണ് ഇങ്ങനെയൊരു നിമിഷമെന്നും ഗോകുല്‍ എഴുതുന്നുണ്ട്.

ഇരുപത്തിമൂന്നുകാരനായ ഗോകുല്‍ 10–ാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന സമയത്തായിരുന്നു അമ്മയുടെയും അച്ഛന്റെയും വിവാഹമോചനം. അധ്യാപികയായിരുന്ന അമ്മയ്ക്ക് 2004ല്‍ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ആ ജോലി ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ബന്ധുവീടുകളിലായിരുന്നു ആദ്യമൊക്കെ മിനിയും ഗോകുലും താമസിച്ചത്.

പിന്നീട്, വിവാഹമോചനത്തിനു നഷ്ടപരിഹാരമായി ലഭിച്ച വീട്ടിലേക്കു താമസം മാറി. ഗോകുലിന്റെ പഠനകാര്യങ്ങള്‍ അവന്റെ അച്ഛന്‍ നിര്‍വഹിച്ചെങ്കിലും മറ്റു ചെലവുകളെല്ലാം അമ്മയുടെ ചുമലിലായിരുന്നു. ആകെയുണ്ടായിരുന്നത് ലൈബ്രേറിയനായി ലഭിച്ച ജോലിയില്‍ നിന്നുള്ള വരുമാനവും.

‘ഞാന്‍ പഠനമൊക്കെ കഴിഞ്ഞു ജോലിക്കു പോകുമ്പോള്‍ വീട്ടില്‍ അമ്മ തനിച്ചാകുമെന്ന സങ്കടം നാളുകളായുണ്ടായിരുന്നു. അമ്മയ്‌ക്കൊരു കൂട്ടു വേണമെന്ന കാര്യം പണ്ടു മുതലേ മനസ്സിലുണ്ടായിരുന്നെങ്കിലും അമ്മ സമ്മതിച്ചിരുന്നില്ല. കുറച്ചു നാള്‍ മുന്‍പ്, ലൈബ്രറി കൗണ്‍സിലിലെ സുഹൃത്തുക്കള്‍ വഴിയാണ് ഈ ആലോചന വന്നത്.

വിവാഹത്തിന് ആദ്യം അമ്മ തയാറായില്ലെങ്കിലും പിന്നീടു സമ്മതിക്കുകയായിരുന്നു.’ ഗോകുല്‍ പറയുന്നു. തൊടുപുഴ സ്വദേശിയായ റിട്ട. കേണല്‍ വേണുവാണു മിനിയെ വിവാഹം കഴിച്ചത്. എന്‍ജിനീയറിങ് ബിരുദധാരിയായ ഗോകുല്‍ പുതിയ ജോലിക്കായുള്ള തയാറെടുപ്പിലുമാണ്.

ഫേസ്ബുക്ക് പോസ്റ്റ്:

അമ്മയുടെ വിവാഹമായിരുന്നു. ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാന്‍ പറ്റാത്ത ആളുകള്‍ ഉള്ള കാലമാണ്. സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകള്‍കൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്. അങ്ങനെ നോക്കിയാല്‍ തന്നെ ഇവിടെ ആരും ചൂളിപ്പോകില്ല.

ജീവിതം മുഴുവന്‍ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ. ദുരന്തമായ ദാമ്പത്യത്തില്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയില്‍ നിന്ന് ചോരയൊലിക്കുമ്പോള്‍ ഞാന്‍ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്? അന്ന് അമ്മ പറഞ്ഞത് ഓര്‍മ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്, ഇനിയും സഹിക്കുമെന്ന്.

അന്ന് ആ വീട്ടില്‍ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാന്‍ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്… യൗവ്വനം മുഴുവന്‍ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാന്‍ ഉണ്ട്… കൂടുതല്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി.

അമ്മ?? Happy Married Life..