പിണറായിക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ഗഡ്കരി; എത്തിയത് ബി.ജെ.പി. നേതൃത്വത്തെപ്പോലും അറിയിക്കാതെ

single-img
12 June 2019

സ്വകാര്യ സന്ദര്‍ശനത്തിന് കുടുംബത്തോടൊപ്പം തിരുവനന്തപുരത്തെത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിയെ വീട്ടിലെത്തിക്കണ്ട് സൗഹൃദം പുതുക്കി. ഇന്നലെ ഒരുമണിക്കൂര്‍ ഇരുവരും ഒരുമിച്ചു ചെലവിട്ടു. ബി.ജെ.പി. നേതൃത്വത്തെപ്പോലും അറിയിക്കാതെയാണ് ഗഡ്കരി എത്തിയത്.

ദേശീയപാതാ വികസനവും മത്സ്യമേഖല, തുറമുഖവികസനം തുടങ്ങിയ കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഉച്ചഭക്ഷണത്തിനു ശേഷമായിരുന്നു മടക്കം. അഞ്ചുദിവസം മുമ്പ് കോവളത്തെത്തിയ മന്ത്രി കന്യാകുമാരിയും സന്ദര്‍ശിച്ചിരുന്നു. ചൊവ്വാഴ്ച കുടുംബാംഗങ്ങളോടൊപ്പം നിയമസഭയിലെത്താനും മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്കും അദ്ദേഹം തയ്യാറായി.

മാധ്യമങ്ങളില്‍നിന്നും നേതാക്കളില്‍നിന്നും അകലംപാലിച്ച് തീര്‍ത്തും സ്വകാര്യ സന്ദര്‍ശനമായിരുന്നു ഗഡ്കരിയുടേത്. മന്ത്രിയുടെ തിരക്കെല്ലാം ഒഴിവാക്കി കഴിഞ്ഞദിവസം നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റിലും അദ്ദേഹം എത്തിയിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെ മുംബൈയിലേക്കു മടങ്ങി.

അതേസമയം, വികസന പദ്ധതികളോടുള്ള സി.പി.എം സര്‍ക്കാരിന്റെ സമീപനം മാറണമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. റഷ്യയും ചൈനയും വരെ ഇക്കാര്യത്തില്‍ മാറിയെന്നും ഗഡ്കരി പറഞ്ഞു. മലയാളത്തിലെ ഒരു പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ അിമുഖത്തിലാണ് സര്‍ക്കാരിനെതിരെ മന്ത്രി വിമര്‍ശം ഉന്നയിച്ചത്.

‘കഴിഞ്ഞ അഞ്ച് വര്‍ഷം കേന്ദ്രസര്‍ക്കാര്‍ 17 ലക്ഷം കോടി രൂപയുടെ ദേശീയപാതാ വികസനപദ്ധതികള്‍ നടപ്പാക്കി. കേരളം പിന്നിലായത് എന്തുകൊണ്ടെന്നു ചിന്തിക്കണം. കേന്ദ്രത്തിന്റെ നിഷേധസമീപനം കൊണ്ടല്ല. നിങ്ങളുടെ സങ്കുചിത നിലപാടുമൂലം സ്ഥലമെടുപ്പു വൈകി.

25,000 കോടി രൂപയാണു വാഗ്ദാനം ചെയ്തത്. സ്ഥലമേറ്റെടുപ്പു പൂര്‍ത്തിയായാല്‍ 25,000 കോടി രൂപയും സംസ്ഥാനത്തിനു നല്‍കാം. മലയാളികള്‍ക്കു വിദ്യാഭ്യാസമുണ്ട്, സാങ്കേതികവിദ്യ അറിയാം. പക്ഷേ, അതൊക്കെ വിദേശത്ത് ഉപയോഗിക്കും. കേരളത്തിലില്ല. പട്ടിണി മാറ്റലാണു നമ്മുടെ പ്രാഥമിക ഉത്തരവാദിത്തം.

പുതിയ നിക്ഷേപങ്ങള്‍ വന്നാലേ മൂലധനം ഉണ്ടാവൂ. മൂലധനം ഉണ്ടായാലേ പദ്ധതികള്‍ വരൂ. പദ്ധതികള്‍ വന്നാലേ തൊഴിലവസരം ഉണ്ടാകൂ. അതുണ്ടായാലേ പട്ടിണി മാറ്റാനാകൂ. മുടന്തന്‍ന്യായങ്ങള്‍ പറഞ്ഞു പദ്ധതികളെ എതിര്‍ത്താല്‍ മലയാളികളുടെ ഇനിയുള്ള തലമുറകളും വിദേശത്തുപോയി പണിയെടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.